സ്വന്തം ലേഖകൻ: ന്യൂഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ(58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിലാണ് എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായിരുന്ന സുജാതൻ താമസിച്ചിരുന്നത്.
ബിസിനസ് ആവശ്യത്തിനായി വ്യാഴാഴ്‌ച രാത്രി 9 മണിയോടെ സുജാതൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സുജാതന്റെ പഴ്‌സ്, മൊബൈൽ ഫോൺ എന്നിവ നഷ്‌ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കവർച്ച ലക്ഷ്യമിട്ടാണെന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മൃതദേഹം ഹരിനഗർ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം പിന്നീട് സംസ്‌കരിക്കും. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്ന സുജാതന് അടുക്കള ഉപകരണങ്ങളുടെ ബിസിനസായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല