സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെല്ലാം കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേത് കോടതിയുടെ കണ്ടെത്തൽ. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.
2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിൽ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.
2008 സെപ്റ്റംബർ 30-ന് ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
തുടർന്ന് സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നു. വിദഗ്ധ പരിശോധനയ്ക്കൊടുവിൽ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല.
അതിനുശേഷം 2009 മാർച്ച് 20 ന് കോൾ സെന്റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. 2009 ൽ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല