1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2023

സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയില്‍നിന്ന് മെട്രോട്രെയിനില്‍ ഇനി 15 മിനിറ്റ് കൊണ്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്താം. ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെയാണ് യാത്രസമയം കുറയുന്നത്. ഞായറാഴ്ച മുതല്‍ എക്‌സ്പ്രസ് ലൈനില്‍ 120 കി.മീ വേഗതയിലാകും സര്‍വീസുകള്‍ നടത്തുകയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി) അറിയിച്ചു.

എയര്‍പോര്‍ട്ട് ലൈനില്‍ ദ്വാരക സെക്ടര്‍ 21 മുതല്‍ ദ്വാരക സെക്ടര്‍ 25-ലെ ‘യശോഭൂമി’ വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനവും ഞായറാഴ്ചയാണ്. ‘യശോഭൂമി’ എന്ന് നാമകരണം ചെയ്ത, പുതിയ കണ്‍വെന്‍ഷന്‍ സെന്ററായ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്‌പോ സെന്ററിന്റെ ഉദ്ഘാടനത്തിനൊപ്പമാണ് പുതിയ പാതയും പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുക്കുക. ഇതിനുപിന്നാലെ ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ പുതിയ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പുതിയ പാത തുറക്കുന്നതോടെ ന്യൂഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്ന് യശോഭൂമിയിലേക്ക് 21 മിനിറ്റില്‍ എത്താം. എയര്‍പോര്‍ട്ട് ലൈനിലെ ട്രെയിനുകളുടെ വേഗം കൂട്ടിയതോടെ മറ്റിടങ്ങളിലേക്കുള്ള യാത്രാസമയവും കുറയും. നിലവില്‍ ന്യൂഡല്‍ഹി മുതല്‍ ദ്വാരക സെക്ടര്‍ 21 വരെ ഏകദേശം 22 മിനിറ്റാണ് യാത്രാസമയം. ഇത് ഇനി 19 മിനിറ്റായി കുറയും.

ഡി.എം.ആര്‍.സി എന്‍ജിനീയര്‍മാരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിദഗ്ധരും ചേര്‍ന്നുള്ള കൃത്യമായ ആസൂത്രണത്തിലൂടെയും സമയബന്ധിതമായി എല്ലാം നടപ്പാക്കിയതിനാലുമാണ് 120 കി.മീറ്ററിലേക്ക് വേഗത ഉയര്‍ത്താന്‍ കഴിഞ്ഞതെന്നായിരുന്നു ഡി.എം.ആര്‍.സി.യുടെ പ്രതികരണം.

പാതയില്‍ ട്രെയിനുകളുടെ വേഗം ഉയര്‍ത്താനായി രണ്ടരലക്ഷത്തിലേറെ ടെന്‍ഷന്‍ ക്ലാമ്പുകളാണ് മാറ്റിസ്ഥാപിച്ചത്. സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ രാത്രി 11 മണിക്കും രാവിലെ ഏഴുമണിക്കും ഇടയിലായിരുന്നു ജോലികള്‍. ഏകദേശം നൂറിലേറെ തൊഴിലാളികളെയാണ് ഈ ജോലികള്‍ക്കായി നിയോഗിച്ചിരുന്നതെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. പാതയിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടിവരുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. എന്നാല്‍, ഡല്‍ഹിമെട്രോ ഈ വെല്ലുവിളി ആറുമാസത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.