സ്വന്തം ലേഖകൻ: ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ഡല്‍ഹി-ദൗസ-ലാല്‍സോട്ട് ഭാഗം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ഡല്‍ഹിയില്‍നിന്ന് ജയ്പുരിലേക്ക് ഇനി മൂന്നരമണിക്കൂര്‍കൊണ്ട് റോഡുമാര്‍ഗമെത്താം. ഡല്‍ഹിയും മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുകയും യാത്രാസമയം 24 മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുന്ന അതിവേഗപാതയുടെ ആദ്യഭാഗമായ 246 കിലോമീറ്റര്‍ സോഹ്ന-ദൗസ സ്‌ട്രെച്ചാണ് പ്രവര്‍ത്തനസജ്ജമായത്. 12,150 കോടി ചെലവിലാണ് ഇത് നിര്‍മിച്ചത്.
ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പ്രധാന നഗരങ്ങളായ കോട്ട, ഇന്ദോര്‍, ജയ്പുര്‍, ഭോപാല്‍, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ പാത ബന്ധിപ്പിക്കും.1386 കിലോമീറ്റര്‍ നീളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അതിവേഗപാതയാണ് ഡല്‍ഹി-മുംബൈ അതിവേഗപാത.
പാത പൂര്‍ണമാകുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ ആകെ ദൂരം 1424 കിലോമീറ്ററില്‍നിന്ന് 1242 കിലോമീറ്ററായി കുറയും. 13 തുറമുഖങ്ങള്‍, എട്ടു പ്രധാന വിമാനത്താവളങ്ങള്‍, എട്ടു മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളായ ജെവാര്‍, നവിമുംബൈ, ജെ.എന്‍.പി.ടി. പോര്‍ട്ട് എന്നിവയ്ക്കും എക്‌സ്പ്രസ് വേയുടെ സേവനം ലഭിക്കും.
നാല്പതിലധികം പ്രധാന ഇന്റര്‍ചേഞ്ചുകളും ഒപ്റ്റിക്കല്‍ ഫൈബര്‍കേബിളുകള്‍, പൈപ്പ് ലൈനുകള്‍, സോളാര്‍വൈദ്യുതി ഉത്പാദനം എന്നിവയുള്‍പ്പെടെ യൂട്ടിലിറ്റി ലൈനുകള്‍ സ്ഥാപിക്കുന്നതിന് മൂന്നുമീറ്റര്‍ വീതിയുള്ള ഇടനാഴിയും പാതയിലുണ്ടാകും. രണ്ടായിരത്തിലധികം വാട്ടര്‍റീച്ചാര്‍ജ് പോയന്റുകളില്‍ 500 മീറ്റര്‍ ഇടവേളയില്‍ മഴവെള്ളസംഭരണം കൂടാതെഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവും ഇതിനുണ്ട്. ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ നിര്‍മാണത്തിന് 50 ഹൗറ പാലങ്ങള്‍ക്ക് തുല്യമായ 12 ലക്ഷം ടണ്‍ സ്റ്റീല്‍ ഉപയോഗിക്കും.
15,000 ഹെക്ടര്‍ഭൂമിയാണ് റോഡിനായി ഏറ്റെടുത്തത്. പാതയിലെ യാത്രാനുഭവം മെച്ചപ്പെടുത്താന്‍ 94 വഴിയോര കേന്ദ്രങ്ങളുമുണ്ടാകും. അനിമല്‍ ഓവര്‍പാസുകളും അണ്ടര്‍പാസുകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ അതിവേഗപാതയാണിത്. രണ്‍തംഭോര്‍ വന്യജീവിസങ്കേതത്തിലൂടെയും പാതിയിലൂടെ കടന്നുപോകുന്നുണ്ട്. 10 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല