
സ്വന്തം ലേഖകൻ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്ന് ഒഴുകുയാണ്. രാവിലെ എട്ട് മണിക്ക് 208.48 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പ്, ഇപ്പോഴും ഉയരുകയാണ്. കരകവിഞ്ഞൊഴുകിയ യമുന രാജ്യതലസ്ഥാനത്തെ പല പ്രധാന റോഡുകളെയും വെള്ളത്തിനടിയിലാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
നഗരത്തിലെ വെള്ളപ്പൊക്ക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പ്രത്യേക യോഗം ചേരുമെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിഡിഎംഎയുടെ വൈസ് ചെയര്‍മാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.
ഇന്നലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചതായി അറിയിച്ചു. നാളെ മുതല്‍ സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് ഉടന്‍ വീടൊഴിയണമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹിയിലെ യമുന നദിയിലെ ജലനിരിപ്പ് രാവിലെ 208.48 മീറ്ററിലെത്തി, സമീപത്തെ തെരുവുകളും പൊതു-സ്വകാര്യ അടിസ്ഥാന സൗകര്യങ്ങളും വെള്ളത്തിനടിയിലാക്കി, നദിയോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍ ദുരിതത്തിലായി. പഴയ റെയില്‍വേ പാലത്തിലെ ജലനിരപ്പ് ബുധനാഴ്ച രാത്രി 208 മീറ്റര്‍ കടന്ന് വ്യാഴാഴ്ച രാവിലെ 8 മണിയോടെ 208.48 മീറ്ററായി ഉയര്‍ന്നു.
ഇത് കൂടുതല്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ അറിയിച്ചു. യമുനയിലെ ജലനിരപ്പ് നിരന്തരം ഉയരുകയും സമീപത്തുള്ള റോഡുകളിലേക്ക് ഒഴുകുകയും ചെയ്യുന്നതിനാല്‍ ആളുകളോട് അവിടേക്ക് പോകരുതെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ട്വീറ്റില്‍ പറഞ്ഞു. ഈ അടിയന്തര സാഹചര്യത്തില്‍ പരസ്പരം സഹായിക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല