സ്വന്തം ലേഖകൻ: ഡൽഹി കേന്ദ്രീകരിച്ച് വീസാ തട്ടിപ്പുനടത്തിയ സംഘം പിടിയിൽ. ഡൽഹി സൈബർ സെല്ലും ക്രൈംബ്രാഞ്ച് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആയിരത്തിലധികം പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തട്ടിപ്പിനിരയായവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
ദുബായിലെ സ്വകാര്യ കമ്പനികളിലേക്ക് ജോലി വാങ്ങിത്തരാമെന്നു പറഞ്ഞായിരുന്നു വീസാ തട്ടിപ്പ്. ഒരാളിൽ നിന്ന് അറുപതിനായിരത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയതായാണ് വിവരം. ഒട്ടനേകം പേർ തട്ടിപ്പിനിരയായി. വിദേശകാര്യമന്ത്രാലയത്തിന് തുടർച്ചയായ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് ഡൽഹി പോലീസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു.
ബിഹാറിൽ നിന്നുള്ള ഇനാമുൾ ഹഖ് എന്നയാളാണ് തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ. ഡൽഹിയിലെ സാക്കിർ നഗറിലാണ് ഇനാമുൾ ഹഖ് താമസിക്കുന്നത്. ഇയാൾ എഞ്ചിനിയർ ബിരുദധാരിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇയാൾ തട്ടിപ്പ് തുടരുന്നതായാണ് വിവരം. സാക്കിർ നഗറിലുള്ള ഹഖിന്റെ ഓഫീസിൽ നിന്ന് സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ദുബായിലേക്കുള്ള വ്യാജവീസയാണ് പ്രധാനമായും ഇവർ ഉണ്ടാക്കി നൽകിയിരുന്നത്. കബളിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. കോടക്കണക്കിന് രൂപ ഇവർ ഇത്തരത്തിൽ വ്യാജ വീസ നിർമ്മിച്ച് നൽകിയതിലൂടെ തട്ടിയതായാണ് വിവരം.
ആർക്കും സംശയം തോന്നാതിരിക്കാൻ വിവിധയിടങ്ങളിൽ സാധാരണ രീതിയിൽ കമ്പനികൾ ആരംഭിച്ച് ചുരുക്കം ചില ജീവനക്കാരെ വെച്ച് പ്രവർത്തിച്ചു വരികയായിരുന്നു. നൂറോളം ആളുകൾ തങ്ങളുടെ വലയത്തിൽ ആയിക്കഴിഞ്ഞാൽ അവർ ഓഫീസുകൾ പൂട്ടി രക്ഷപ്പെടുകയായിരുന്നു പതിവ്. തുടർന്ന് മറ്റൊരു സ്ഥലത്ത് ഓഫീസ് ആരംഭിക്കും. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങളിൽ അധികവും. തട്ടിപ്പ് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല