1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2024

സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില. സീസണില്‍ സാധാരണനിലയിലുള്ള കുറഞ്ഞ താപനിലയില്‍ നിന്ന് 3.8 കുറഞ്ഞ് 3.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) ഡല്‍ഹി/എന്‍.സി.ആര്‍. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞരാത്രിയില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി സെല്‍ഷ്യസാണ്.

മോശം കാലാവസ്ഥ കാരണം ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഓരോ ട്രെയിനും വൈകിയോടുന്നത്. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞിരിക്കുന്നതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള പല വിമാന സര്‍വ്വീസുകളും വൈകുന്നുണ്ട്. ഡല്‍ഹിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ സഫ്ദാര്‍ജങ്‌ ഒബ്‌സര്‍വേറ്ററിയില്‍ ശനിയാഴ്ച രാവിലെ 05:30-ന് 200 മീറ്റര്‍ ദൃശ്യപരിധിയാണ് രേഖപ്പെടുത്തിയത്.

വായുനിലവാരസൂചികയിലും (എ.ക്യു.ഐ) ഡല്‍ഹി മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള വിവരം പ്രകാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഡല്‍ഹിയിലെ വായുനിലവാരം 365 ആണ്. വായുനിലവാരം 50 ആകുന്നതാണ് നല്ലത് എന്ന് കണക്കാക്കുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരം, 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അപകടകരം എന്നിങ്ങനെയാണ് വായുനിലവാരസൂചികയുടെ തരംതിരിവുകള്‍.

ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. അതേസമയം തണുപ്പ് കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസം ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടാണെന്നും ഐ.എം.ഡി. അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.