സ്വന്തം ലേഖകൻ: ഡെലിവറി ജോലികളിൽ സ്വദേശിവത്കരണം ആദ്യഘട്ടത്തിന് തുടക്കം. ഡെലിവറി മേഖലയിലെ സ്വയം തൊഴിൽ സംരംഭങ്ങൾ സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തും. മോട്ടോർ സൈക്കിളുകളിലെ ഡെലിവറി നിയന്ത്രിക്കും. ഡെലിവറി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കും.
ലൈസൻസുള്ള ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് കീഴിൽ രാജ്യത്തെ നാല് മേഖലകളിലാണ് വിദേശികൾക്ക് ഡെലിവറി ജോലി ചെയ്യാൻ അനുമതി. അൽ ബാഹ, ജിസാൻ, നജ്റാൻ, വടക്കൻ അതിർത്തികൾ എന്നീ മേഖലകളാണവ.
ഡെലിവറി ആപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളെ ലൈറ്റ് ട്രാൻസ്പോർട്ട് ആക്ടിവിറ്റി ലൈസൻസുള്ള കമ്പനികളിലൊന്നിൽ ചേരാൻ നിർബന്ധിക്കുന്നതാണ് ആദ്യഘട്ടത്തിലെ മറ്റൊരു നടപടി.
ഡെലിവറി മേഖലയെ നിയന്ത്രിക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷിത ഡെലിവറി എന്നിവ വർധിപ്പിക്കുന്നതിനുള്ള ഉത്തരവ് ഇക്കഴിഞ്ഞ ജനുവരി 23നാണ് പുറപ്പെടുവിച്ചത്. ഡെലിവറി മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഡെലിവറിക്കുള്ള മോട്ടോർ സൈക്കിളുകളുടെ ആധിക്യം മൂലം നിരത്തിലുണ്ടാകുന്ന അപകടം കുറയ്ക്കുകയും ലക്ഷ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല