സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ രോഗതീവ്രത കുറവാണെന്ന് യുഎസ് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണിന്റെ തീവ്രതയെ കുറിച്ചുള്ള നിഗമനത്തിലെത്തുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി സിഎന്‍എന്നിനോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഒമിക്രോണ്‍ അതിതീവ്രമായെന്ന് തോന്നുന്നില്ല. പക്ഷേ, ഇത് വ്യാപിക്കാതിരിക്കാന്‍ ജാഗരൂകരായിരിക്കണമെന്ന്’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്മാര്‍ അല്ലാത്തവരെ രാജ്യത്ത് പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ബൈഡന്‍ ഭരണകൂടത്തിന്റെ പരിഗണനയിലാണെന്ന് ഫൗസി പറഞ്ഞു. അതേസമയം, മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് സിംഗപൂര്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
കോവിഡ് വന്ന് ഭേദമായവരില്‍ ഒമിക്രോണ്‍ വേഗത്തില്‍ ബാധിക്കാനിടയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനം. ഇന്ത്യയില്‍ പുതുതായി സ്ഥിരീകരിച്ച കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന് രോഗതീവ്രത കുറവായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ഒമിക്രോണ്‍ വകഭേദത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം എന്ന നിലയിലാണ് ഒമിക്രോണ്‍ വകഭേദം രാജ്യത്ത് വലിയ പ്രശ്‌നമുണ്ടാക്കിയേക്കില്ലെന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം പുറത്തിറക്കിയിട്ടുള്ളത്.
ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും അതോടൊപ്പം അതിവേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്ത സാഹചര്യത്തില്‍ ഒമിക്രോണ്‍ വകഭേദം രാജ്യത്തെ ജനങ്ങളില്‍ കോവിഡിനെതിരെ ഉയര്‍ന്ന ആന്റിബോഡി നിരക്കുണ്ടന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതിനാൽ ഒമിക്രോണ്‍ വഴിയുള്ള രോഗത്തിന് തീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല