സ്വന്തം ലേഖകൻ: ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ വകഭേദങ്ങളേക്കാള്‍ മാരകമായ പുതിയൊരു കോവിഡ് വകഭേദം രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ആവിര്‍ഭാവം ചെയ്യുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി. ഇപ്പോഴും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടുകളുടെ ഭാഗമാകുമെന്നും ക്രിസ് വിറ്റി പറഞ്ഞു. ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനിടെയാണ് ക്രിസ് വിറ്റിയുടെ ഈ മുന്നറിയിപ്പ്.
കോവിഡ് ഇപ്പോഴും ഒരു മഹാമാരിയുടെ നില വിട്ട് പകര്‍ച്ചവ്യാധി മാത്രമായി മാറിയിട്ടില്ലെന്നും ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളും നിയന്ത്രണങ്ങളെല്ലാം നീക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ഭീഷണിയല്ലാതെ ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മുക്ത ലോകത്തിനായി നാം ഇനിയും ഏറേക്കാലം കാത്തിരിക്കേണ്ടി വരുമെന്ന് ക്രിസ് വിറ്റിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു.
തീവ്രമായ തോതില്‍ ഒരു വൈറസിനെ പടരാന്‍ അനുവദിക്കുമ്പോൾ അതിന് വ്യതിയാനം സംഭവിക്കുകയും കൂടുതല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികളും അഭിപ്രായപ്പെടുന്നു. ഒമിക്രോണിന്‍റെ ബിഎ.2 വകഭേദമാണ് ഇപ്പോള്‍ ലോകമെങ്ങും കോവിഡ് കേസുകള്‍ക്ക് പ്രധാനമായും കാരണമാകുന്നത്. ഇതിനൊപ്പം ഡെല്‍റ്റയും ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണും ഭീഷണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ രോഗതീവ്രതയിലോ മരണനിരക്കിലോ വര്‍ധനയുണ്ടാകുന്നില്ല എന്നത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് തെല്ലൊരു ആശ്വാസം നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല