സ്വന്തം ലേഖകന്‍: സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല; ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ ട്വിറ്ററിലാണ് വിമര്‍ശനം പങ്കുവച്ചത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ മുന്‍ മേധാവി കെ.സി.വര്‍മ്മ എഴുതിയ ലേഖനവും സ്‌നോഡന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സേവനങ്ങളിലേക്ക് കടക്കാന്‍ ഒട്ടും യോജിക്കാത്തവിധത്തില്‍ തയ്യാറാക്കിയ വാതിലാണ് ആധാര്‍ എന്നാണ് സ്‌നോഡന്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികളും ബാങ്കുകളുമെല്ലാം ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും വ്യക്തിവിവരങ്ങളടങ്ങിയ ഡേറ്റാ സോഴ്‌സ് അല്ലെന്നുമുള്ള യുഐഡിഎഐയുടെ ട്വീറ്റിനെയും സ്‌നോഡന്‍ വിമര്‍ശിച്ചു.
വ്യക്തിവിവരങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഓഹരിവിവരങ്ങള്‍ തുടങ്ങിയവയൊന്നും ഡേറ്റാബേസില്‍ ഇല്ലെന്നായിരുന്നു യുഐഡിഎഐ പറഞ്ഞത്. എന്നാല്‍, ബാങ്കുകളും ആശുപത്രികളും സ്‌കൂളുകളും ഭൂവുടമകളുമെല്ലാം ആധാറിന്റെ പരിധിയില്‍ നിന്നൊഴിവാകണമെങ്കില്‍ നിയമം മൂലം മാറ്റിനിര്‍ത്തണമെന്നായിരുന്നു സ്‌നോഡന്റെ പ്രതികരണം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികളും ആധാറിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
അവരുടെ കൈവശവും ആധാര്‍ ഡേറ്റാ ബേസ് ഉണ്ടാവുമെന്ന് മറക്കരുതെന്നും സ്‌നോഡന്‍ നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയിലെ (എന്‍.എസ്.എ.) മുന്‍ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകള്‍ പുറത്തുവിട്ട് ഭരണകൂടത്തെ ഞെട്ടിച്ചതോടെയാണ് ശ്രദ്ധേയനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല