സ്വന്തം ലേഖകന്‍: മോഡിയുടെ കറന്‍സി അസാധുവാക്കല്‍ കൊല്‍ക്കത്ത സൊനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ക്ക് നല്‍കിയത് ലോട്ടറി. 500,1000 നോട്ടുകള്‍ പിന്‍വലിച്ച് 48 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍ സമ്പാദിച്ചത് 50 ലക്ഷത്തിലധികം രൂപ. ഇടപാടുകാരെ പിണക്കാതിരിക്കാന്‍ 500,1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ വരുമാനം ലഭിച്ചത്.
നോട്ടുകള്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ 55 ലക്ഷം രൂപയാണ് ഉഷ മല്‍ട്ടി പര്‍പസ് കോപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപിച്ചത്. പ്രദേശത്തെ ഒരു ലൈംഗിക തൊഴിലാളി 2001ല്‍ സ്ഥാപിച്ചതാണ് ഈ ബാങ്ക്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ വലിയ നോട്ടുകള്‍ സ്വീകരിക്കുമെന്നും ഇങ്ങനെ സ്വീകരിക്കുന്നതിലൂടെ വലിയ തിരക്കാണ് രണ്ട് ദിവസമായി അനുഭവപ്പെടുന്നതെന്ന് ലൈംഗിക തൊഴിലാളികളടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയയുടെ ഉപദേശക ഭാരതി പറഞ്ഞു.
അതേ സമയം നോട്ടുകള്‍ മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ ഇടപാടുകാരില്‍ നിന്നും പഴയ നോട്ടുകള്‍ വാങ്ങുന്നത് ലൈംഗീക തൊഴിലാളികളും അവസാനിപ്പിച്ചിരിക്കുകയാണ്. നിരോധിച്ച നോട്ടുകളാണ് ഇടപാടുകാരില്‍ നിന്നും ലഭിക്കുന്നതെന്നും ഇത് നിരസിക്കുന്നത് വരുമാനത്തില്‍ വന്‍ ഇടിവു വരുത്തുന്നതായും ലൈംഗീക തൊഴിലാളികള്‍ പറയുന്നു. ഇതിന് പരിഹാരമായി കൊല്‍ക്കത്ത സോനാഗാച്ചി ജില്ലയിലെ ചുവന്ന തെരുവിലെ ഒരുപറ്റം ലൈംഗീക തൊഴിലാളികള്‍ ലെഡ്ജര്‍ ബുക്കുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല എന്നതിനാല്‍ പഴയനോട്ടുകള്‍ മാറാന്‍ അവസരം ഇല്ല എന്നതാണ് ലെഡ്ജര്‍ ബുക്കുകള്‍ ഉപയോഗിച്ച് തുടങ്ങാന്‍ ഈ വിഭാഗക്കാരെ പ്രേരിപ്പിക്കുന്നത്. മണിക്കൂറുകളോളം ബാങ്കില്‍ കാത്തു നിന്ന് പഴയനോട്ട് മാറ്റിയെടുക്കുന്നത് തങ്ങള്‍ക്ക് പ്രായോഗികമല്ലെന്നും പുതിയ തീരുമാനത്തെ തുടര്‍ന്ന് ഇടപാടുകാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും പലരും സമ്മതിക്കുന്നു.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനായി നവംബര്‍ എട്ടിന് വൈകിട്ട് എട്ടുമണിയോടെയാണ് 1000/500 നോട്ടുകള്‍ രാജ്യത്ത് മരവിപ്പിച്ചു എന്ന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ഞെട്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല