സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനു ശേഷം അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ കുടുങ്ങുന്നു, 13 ലക്ഷത്തോളം പേര്‍ക്ക് നോട്ടീസ്. നോട്ട് നിരോധനത്തിനു ശേഷം അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപിച്ചവരില്‍ നിന്നും ആദായനികുതി വകുപ്പ് വിശദീകരണം തേടി. 18 ലക്ഷം പേരുടെ അക്കൗണ്ടിലാണ് വന്‍ തുകകള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ 13 ലക്ഷം പേര്‍ക്കാണ് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബര്‍ എട്ടിന് നോട്ട് നിരോധനം നടത്തിയതിന് ശേഷം നടത്തിയിട്ടുള്ള നിക്ഷേപങ്ങളാണ് ഇവ. 4.7 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അക്കൗണ്ടുകളില്‍ എത്തിയിരിക്കുന്നത്.
നിക്ഷേപകരുടെ ആസ്തി വിവരവും അവരുടെ നിക്ഷേപവും തമ്മിലുള്ള പൊരുത്തക്കേട് കണക്കിലെത്താണ് ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ഓപ്പറേഷന് ക്ലീന്‍ മണി എന്ന് പേരിട്ട ആദായ നികുതി വകുപ്പിന്റെ നടപടിയുടെ ഭാഗമായാണിത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി 10 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
രണ്ട് ലക്ഷത്തിലധികം രൂപ നിക്ഷേപിച്ച ഒരു കോടിയലധികം അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുള്ള വിവരം. സൂക്ഷ്മ പരിശോധനയ്ക്കു വേണ്ടി 13 ലക്ഷം പേര്‍ക്ക് മെസേജ് അയച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് വൈകാതെ മെസേജ് ലഭ്യമാവുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ടാക്സ് മേധാവി സുഷീര്‍ ചന്ദ്ര പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല