1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2017

സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ എത്തിയത് നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം. മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളില്‍ എത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണക്ക്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു.

നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബര്‍ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി. വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം വന്നു.

പ്രാഥമികമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ കള്ളപ്പണം ബാങ്കിലെത്തിയതായി ആദായനികുതി വകുപ്പ് പറയുന്നത്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു.

അതേസമയം 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് റിസര്‍വ് ബാങ്ക് പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ വെളിപ്പെടുത്തി. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചതെന്ന് രേഖകളില്‍ പറയുന്നു. പിറ്റേന്ന് ഇതിനു അനുമതി നല്‍കുകയായിരുന്നെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.