സ്വന്തം ലേഖകന്‍: വെള്ളിയാഴ്ച മുതല്‍ ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റി നല്‍കില്ലെന്ന് കേന്ദ്രം, സഹകരണ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തും. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെയായിരുന്നതാണ് അപ്രതീക്ഷിതമായി പിന്‍വലിച്ചത്. വെള്ളിയാഴ്ച മുതല്‍ പഴയ നോട്ടുകള്‍ ബാങ്കില്‍ നല്‍കി മാറ്റി വാങ്ങാനാകില്ല.
പഴയ 500, 1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് അത് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മാത്രമേ ഇനി അനുമതിയുള്ളൂ. അസാധുരാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം എന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയപരിധി അവസാനിച്ച വിവരം കേന്ദ്ര ധനമന്ത്രാലയമാണ് അറിയിച്ചത്.
അതേസമയം അവശ്യ സേവനങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം. വൈദ്യുതി, വെള്ളം ബില്ലുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. ബില്ലുകള്‍ അടയ്ക്കാനുള്ള കാലാവധി ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ദേശീയ പാതയില്‍ ഡിസംബര്‍ രണ്ട് വരെ ടോള്‍ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട സഹകരണ പ്രതിസന്ധിയെ തുടര്‍ന്ന തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. സഹകരണ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍വകക്ഷിയോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നിലപാട് എടുത്തത്തോടെ സഹകരണ മേഖല പ്രതിസന്ധിയിലാണ്.
പ്രാഥമിക സഹകരണ സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ റിസര്‍വ് ബാങ്കും അനുകൂലിച്ചു. നോട്ട് കൈമാറ്റത്തിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങളാണ് പിന്‍വലിച്ചത്. ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ട നിക്ഷേപങ്ങളിലേറെയും പോകുന്നത് പുതുതലമുറ ബാങ്കുകളിലേക്കാണെന്നും ആരോപണം ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല