സ്വന്തം ലേഖകന്‍: ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണ നിലയിലാകുന്നത് വരെ ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നും പഴയ കറന്‍സി മാറ്റിയെടുക്കുന്നതിന് തിടുക്കം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പതിനാല് ലക്ഷം കോടി രൂപയുടെ പഴയ കറന്‍സികള്‍ പുറത്തുണ്ട്. ഇത് ഒറ്റ രാത്രി കൊണ്ട് മാറ്റിയെടുക്കാനാകില്ല. മുഴുവന്‍ കറന്‍സിയും മാറ്റിയെടുക്കുന്നതിന് ആവശ്യമായ പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിന്റെ പുതിയ നോട്ട് ലഭ്യമാക്കുന്ന വിധം എ.ടി.എം മെഷീനുകള്‍ പൂര്‍ണ സജ്ജമാകാന്‍ 23 ആഴ്ച സമയമെടുക്കും. അതുവരെ നൂറ് രൂപ നോട്ടുകള്‍ മാത്രമേ എ.ടി.എം വഴി ലഭിക്കൂ എന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
നോട്ട് റദ്ദാക്കലിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച വിമര്‍ശനം നിരുത്തരവാദപരമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. സ്വന്തം പണം മാറിയെടുക്കാന്‍ എന്തിന് ക്യൂ നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്നാല്‍ നിങ്ങളുടെ പണത്തിന് നികുതി അടച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയുമെന്ന് ധനമന്ത്രി ചോദിച്ചു.
രാജ്യത്തൊട്ടാകെ ജനങ്ങള്‍ അഞ്ചാം ദിവസവും ദുരിതത്തിലായി.
റിസര്‍വ് ബാങ്കില്‍ നിന്ന് നൂറ് രൂപ നോട്ടുകള്‍ ലഭിക്കാത്തതിനാല്‍ മിക്കയിടത്തും എ.ടി.എമ്മുകള്‍ കാലിയാണ്. നിലവില്‍ 100 രൂപയുടെ വലിയ ക്ഷാമമാണ് ബാങ്കുകളില്‍ ഉള്ളത്. എന്നാല്‍ നൂറ് രൂപ നോട്ടുകള്‍ എപ്പോള്‍ നല്‍കിത്തുടങ്ങുമെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് മൗനം പാലിക്കുകയാണ്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ഞായറാഴ്ച ഉച്ചയോടെ തന്നെ സംസ്ഥാനത്തെ എ.ടി.എമ്മുകള്‍ എല്ലാം തന്നെ കാലിയാകും.
നിലവിലെ സാഹചര്യത്തില്‍ 100, 50 നോട്ടുകളാണ് എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ 100, 50 നോട്ടുകളാണ് എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നത്. പുതിയ 1000, 500 നോട്ടുകള്‍ പുറത്തിറങ്ങാത്തതും 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ സജ്ജീകരിക്കാന്‍ സാധിക്കാത്തതുമാണ് ജനങ്ങള്‍ക്ക് ദുരിതമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല