1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മാതൃകയില്‍ കറന്‍സി പിന്‍വലിച്ച് സിംബാബ്‌വെ, പ്രസിഡന്റ് റോബര്‍ട്ട് മുഗാബെക്കെതിരെ ജനരോഷം തിളക്കുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കറന്‍സി അസാധുവാക്കി പുതിയ കറന്‍സി അച്ചടിക്കാന്‍ റോബര്‍ട്ട് മുഗാബെ സര്‍ക്കാര്‍ തീരുമാനിക്കാന്‍ കാരാണം. 2009 മുതല്‍ രാജ്യത്തിന്റെ കറന്‍സിയായ സിംബാബ്‌വേ ഡോളര്‍ പിന്‍വലിച്ച് ബോണ്ട് നോട്ടുകളാണ് സിംബാബ്‌വേ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്നത്.

യു.എസ് ഡോളറിന് തുല്യമായ മൂല്യമാണ് ബോണ്ട്‌നോട്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാത്തതിനാല്‍, രാജ്യത്ത് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രചാരത്തിലിരുന്ന രണ്ട്, അഞ്ച് യുഎസ് ഡോളര്‍ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന രാജ്യം ഇതോടെ വന്‍ വിലക്കയറ്റ, പണപ്പെരുപ്പ ഭീഷണിയിലായി.

നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപം പിന്‍വലിക്കാനും ജനം ബാങ്കുകള്‍ക്കു മുന്നിലാണ്. ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്നത് 150 ഡോളര്‍ (ഏകദേശം 10,000 ഇന്ത്യന്‍ രൂപ) എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. 1980 മുതല്‍ രാജ്യം ഭരിക്കുന്ന തൊണ്ണൂറ്റിരണ്ടുകാരന്‍ റോബര്‍ട്ട് മുഗാബെ ഭരണത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാന്‍ നടത്തുന്ന അവസാനശ്രമമായും പരിഷ്‌കാരം വിലയിരുത്തപ്പെടുന്നു.

2009 മുതല്‍ സിംബാംബ്‌വെയ്ക്കു സ്വന്തം കറന്‍സിയില്ല. അന്ന് പണപ്പെരുപ്പത്തെ തുടര്‍ന്ന് സിംബാബ്‌വെ ഡോളര്‍ ഉപയോഗശൂന്യമായിരുന്നു. തുടര്‍ന്ന് യുഎസ് ഡോളറടക്കം ഒന്‍പതു വിദേശ കറന്‍സികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്. അതിനുശേഷം ഇപ്പോഴാണ് രാജ്യം സ്വന്തമായി കറന്‍സി പുറത്തിറക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.