സ്വന്തം ലേഖകന്‍: പെറ്റമ്മയെ ക്യൂവില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുന്ന മോഡി രാജ്യത്തെ ആദ്യ കള്ളപ്പണക്കാരനായ പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാള്‍. രാജ്യനയത്തിനു വേണ്ടിയാണ് മോഡി അമ്മയെ ക്യൂവില്‍ നിര്‍ത്തിയതെങ്കില്‍ അത് ശരിയായില്ലെന്നും എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കില്‍ ഞാന്‍ നേരിട്ട് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറാകുമായിരുന്നു എന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ആഞ്ഞടിച്ചു.
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലെത്തി ക്യൂ നിന്ന് മോഡിയുടെ അമ്മ ഹീരാ ബെന്‍ അസാധുവായ നോട്ടുകള്‍ മാറ്റിയത് വാര്‍ത്തയായിരുന്നു. 4500 രൂപയുടെ അസാധു നോട്ടുകളാണ് ഹീരാബെന്‍ മാറ്റിയെടുത്തത്.
അതോടൊപ്പം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി കള്ളപ്പണം വാങ്ങിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തിരുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലാപ്‌ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്നാണ് ഈ ഇടപാടിനെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ കള്ളപ്പണ കൈമാറ്റത്തില്‍ ആരോപണവിധേയനാകുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡിയെന്നും കെജ്‌രിവാള്‍ ആഞ്ഞടിച്ചു.
ഇതിനിടെ, മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. മോഡിയുടെ തീരുമാനം ജനങ്ങളെ യാചകരാക്കി മാറ്റിയെന്നും ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്നും മമത പറഞ്ഞു. ഈ മാസം 19 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസാധു നോട്ടുകള്‍ മാറ്റാന്‍ എത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എന്താണ് പറയാനുള്ളതെന്നും മമത ചോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല