1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2016

സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, മോഡിയെ തല്ലിയും തലോടിയും ചൈനീസ് മാധ്യമങ്ങള്‍. കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കം രാഷ്ട്രീയ തമാശയെന്ന് ഒരു വിഭാഗം ചൈനീസ് മാധ്യമങ്ങള്‍ വിലയിരുത്തുമ്പോള്‍ മറ്റു ചിലര്‍ ധീരമായ നീക്കമെന്നാണ് നടപടിയെ വിശേഷിപ്പിച്ചത്.

കള്ളപ്പണവും കള്ളനോട്ടും രാജ്യത്ത് ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതെ പോയതിനാല്‍ വെറും കാട്ടിക്കൂട്ടലുകളായിട്ടാണ് ഇപ്പോള്‍ ചൈനീസ് മാധ്യമങ്ങള്‍ മോഡി 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ വിലയിരുത്തുന്നത്. ഇത്തരമൊരു നീക്കത്തിന്റെ ദുരിതം പേറേണ്ടി വരുന്നത് സാധാരണക്കാരാണെന്നും അവര്‍ പറയുന്നു.

2013 ല്‍ ചൈനീസ് പ്രസിഡന്റ് സി ജിംഗ്പിങ് തുടങ്ങിവെച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പകുതിയില്‍ എത്തി നില്‍ക്കേ ഇന്ത്യയുടെ നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ചൈനീസ് മാധ്യമങ്ങളും നോക്കിക്കാണുന്നത്. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിക്കുന്നത് കൊണ്ട് കണക്കില്‍ പെടാത്ത പണത്തിന്റെ പ്രശ്‌നത്തെ മറികടക്കാന്‍ കഴിയുമോയെന്നും ചില മാധ്യമങ്ങള്‍ ചോദിക്കുന്നു.

അതേസമയം ഇന്ത്യ സ്വീകരിക്കുന്ന പുതിയ നയത്തിന്റെ കാര്യത്തില്‍ ചൈനീസ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇരു ചേരികളിലാണ്. ഒറ്റരാത്രികൊണ്ട് രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് നിരോധിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. ഇന്ത്യയിലേക്ക് സംഭാവനയായി വരുന്ന പണത്തിന്റെ 75 ശതമാനവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് എത്തുന്നതെന്നും അതു മറന്ന് മോഡിയുടെ കള്ളപ്പണം ഇല്ലാതാക്കാനുള്ള ഈ എടുത്തുചാട്ടത്തെ ഉത്തര്‍പ്രദേശിലും പഞ്ചാബിലുമുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാകണമെന്നും ചൈനീസ് വിദഗ്ദ്ധര്‍ ആരോപിക്കുന്നുണ്ട്.

നേരത്തെ ഉയര്‍ന്ന നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം, അമ്പരപ്പിക്കുന്നതും ധീരവുമാണെന്ന് ചൈനയിലെ സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചൈനീസ് മാധ്യമങ്ങള്‍ നിര്‍ദേശിക്കുന്നു. ചൈനയുടേത് പോലുള്ള അഴിമതിക്കെതിരെയുള്ള ക്രിയാത്മക നടപടികളെ ഇന്ത്യയും മാതൃകയാക്കണമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. മോദിയുടെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് ചൈനയുടെ നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.