സ്വന്തം ലേഖകന്‍: നോട്ട് നിരോധനം പാളി; നിരോധിക്കപ്പെട്ട നോട്ടുകളുടെ 99.3 ശതമാനം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 500 ന്റേയും 1000 ത്തിന്റേയും 15.31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഇപ്രകാരം തിരിച്ചെത്തിയത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന വാദവുമായി വിമര്‍കരും രംഗത്തെത്തി.
ആറ് മുതല്‍ ഏഴു ശതമാനം നോട്ടുകള്‍ തിരിച്ചു വരില്ലെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ട പാളിയെന്ന് ഉറപ്പായതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 2016 നവംബര്‍ എട്ടിന് നാടകീയമായ നീക്കത്തിലൂടെ 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രധാനമന്ത്രി മോദി ഒറ്റയടിയ്ക്ക് നിരോധിച്ചത്. തിരിച്ചെത്തിയ മൊത്തം കറന്‍സികളുടെയും സുരക്ഷ പരിശോധിച്ച്, എണ്ണി തിട്ടപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
രണ്ടു വര്‍ഷമെടുത്താണ് റിസര്‍വ് ബാങ്ക് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളുടെ കാര്യത്തില്‍ വര്‍ദ്ധന പ്രകടമായതായി ആര്‍ ബി ഐ അറിയിച്ചു. 100 രൂപ നോട്ടുകളില്‍ കള്ളനോട്ടുകള്‍ 35 ശതമാനം കൂടി. എന്നാല്‍ അമ്പരപ്പിക്കുന്ന വര്‍ദ്ധന ഉണ്ടായിരിക്കുന്നത് 50 രൂപയുടെ നോട്ടുകളിലാണ്. ഇതില്‍ 154.3 ശതമാനം വര്‍ദ്ധനയാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല