സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, രാജ്യസഭയില്‍ ആഞ്ഞടിച്ച് ആനന്ദ് ശര്‍മയും സീതാറാം യെച്ചൂരിയും, ചീങ്കണ്ണികള്‍ രക്ഷപ്പെട്ടതായി യെച്ചൂരി. കോണ്‍ഗ്രസില്‍ നിന്നും ആനന്ദ് ശര്‍മ്മയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭീകരവാദവും ലഹരിമരുന്ന് കടത്തും കള്ളപ്പണം നേരിടുന്നതിലും തങ്ങള്‍ക്ക് രണ്ടഭിപ്രായമില്ല. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു മുന്‍പ് ജനങ്ങള്‍ക്ക് പകരംക്രമീകരണം ഏര്‍പ്പെടുത്താന്‍ സമയം നല്‍കിയില്ല. വിദേശ ടൂറിസ്റ്റുകളും കറന്‍സി നിരോധനം മൂലം ദുരിതത്തിലാണ്.
സ്വിസ് ബാങ്കില്‍ കള്ളപ്പണം ഉള്ളവരുടെ പട്ടിക സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് പുറത്തുവിടണം. കടം എഴുതിതള്ളലയവരുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിടണം. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരുടെ ദേശീയതയാണ് ഇവിടെ അളക്കപ്പെടുന്നത്. ഗോവയില്‍ ജനങ്ങളെ പരിഹസിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ താന്‍ അപലപിക്കുന്നു. പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു.
എന്നാല്‍ സത്യസന്ധര്‍ക്ക് ഒന്നും പേടിക്കാനില്ലെന്നും അവരുടെ സമ്പാദ്യം സുരക്ഷിതമാണെന്നും സര്‍ക്കാരിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ സഭയില്‍ പറഞ്ഞു. നിലവിലെ അസൗകര്യങ്ങള്‍ താത്ക്കാലികമാണ്. രാജ്യം മുന്നേറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ നേട്ടം ഭാവിയിലുണ്ടാകും. തൊഴിലാകളികള്‍ക്ക് മിനിമം കൂലിയേക്കാള്‍ കുറഞ്ഞ തുകയാണ് പലപ്പോഴും നല്‍കുന്നത്. ഇത് അവസാനിപ്പിക്കുമെന്നും പീയുസ് ഗോയല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്നും ഗുലാം നബി ആസാന്, മുന്‍ സമാജ്‌വാദി പാര്‍ട്ടി എം.പി രാം ഗോപാല്‍ യാദവ് എന്നിവരും തുടര്‍ന്ന് സംസാരിച്ചു. നോട്ട് പിന്‍വലിക്കല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ നാലു മാസത്തിനുള്ളില്‍ പ്രശ്‌നം മനസ്സിലാക്കും. വില്‍പ്പന നടക്കില്ല. ബാബ രാംദേവിന്റെ ഉത്പന്നങ്ങളും വിറ്റുപോകില്ല. കള്ളപ്പണത്തെ കുറിച്ച് പറയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ‘വെള്ളപ്പണ’മാണ് കൊള്ളയടിക്കുന്നത്. നോട്ട് അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് വിവരം ചോര്‍ന്നിരുന്നുവെന്നും രാം ഗോപാല്‍ യാദവ് കുറ്റപ്പെടുത്തി.
ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരദ് യാദവും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. ചില്ലറ കച്ചവടക്കാരും തൊഴിലാളികളുമാണ് പ്രതിസന്ധിയുടെ രൂക്ഷത അനുഭവിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. കൊല്‍ക്കൊത്തയിലെ ബി.ജെ.പി നേതാവ് തന്നെ വന്‍ തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. യഥാര്‍ത്ഥ കള്ളപ്പണക്കാരെ കണ്ടുപിടിക്കാന്‍ ഇതുകൊണ്ട് കഴിയില്ല. അവര്‍ റിയല്‍ എസ്‌റ്റേറ്റിലും ഓഹരി ഇടപാടുകളിലും നിക്ഷേപിച്ച് കൂടുതല്‍ കള്ളപ്പണം സമ്പാദിക്കുകയാണ് ചെയ്യുന്നത്.
കള്ളപ്പണത്തിനെതിരായ പോരാട്ടത്തെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നു. എന്നാല്‍ ഈ നടപടി അതിന് ഒരിക്കലും ഉപകരിക്കില്ല. ഫണ്ടുകള്‍ ഇലകട്രോണിക് സംവിധാനത്തിലൂടെ കൈമാറ്റപ്പെടും. 26/11 ആക്രമണത്തിനുള്ള പണം ഭീകരര്‍ കൈമാറിയത് കറന്‍സിയായല്ല. തെരഞ്ഞെടുപ്പിനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തണം. രാഷ്ട്രീയ കക്ഷികള്‍ക്കു വേണ്ടി കോര്‍പറേറ്റുകള്‍ പണം ഒഴിക്കുന്നത് തടയണം. ഗ്രാമീണ ജനതയില്‍ 80 ശതമാനത്തില്‍ ഏറെപ്പേരും 90% ഗ്രാമീണ മേഖലയും ഇപ്പോഴും ബാങ്ക് സൗകര്യം ഉപയോഗിച്ചിട്ടില്ല. ഇവര്‍ക്കായി പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പണം മാറ്റിയെടുക്കാന്‍ അനുവദിക്കണം. സര്‍ക്കാര്‍ നടപടിയില്‍ വന്‍ മുതലകള്‍ രക്ഷപ്പെടുകയാണ്. ചെറുമീനുകള്‍ കൊല്ലപ്പെടുന്ന സ്ഥിതിയാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല