സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ആശുപത്രി മാറ്റാനാകാതെ പിതാവ് മരിച്ചത് ഫേസ്ബുക്കിലിട്ട യുവാവിന് തെറിയഭിഷേകം. കൊല്ലം സ്വദേശിയായ ശ്രീജിത് കുഞ്ഞച്ചന്‍ എന്ന യുവാവിനാണ് സംഘപരിവാര്‍ അനുകൂലികളുടെ തെറിവിളി നേരിടേണ്ടിവന്നത്. അച്ഛന്‍ മരിച്ചതിന് പിന്നാലെ നവംബര്‍ 12 ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സംഘപരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.
‘എന്റെ അച്ഛന്‍ പോയി എന്നെന്നേക്കുമായി. ഹോസ്പിറ്റല്‍ ബില്ലടച്ച് അച്ഛനെ നല്ലൊരു ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നോക്കിയ എനിക്ക് ഈ കോണോത്തിലെ പരിഷ്കാരം മൂലം നഷ്ടമായത് വിലപ്പെട്ട മൂന്ന് മണിക്കൂറുകളാണ്.ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മൂന്ന് മണിക്കൂര്‍.കള്ളപ്പണം പിടിച്ച വീര കഥയുമായി ഇനി ആരും സൗഹൃദം കൂടാന്‍ വരണ്ട അത്തരം സൗഹൃദങ്ങള്‍ എനിക്കാവശ്യമില്ല,’ എന്നായിരുന്നു ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതില്‍ പ്രകോപിതരായി കേട്ടാലറയ്ക്കുന്ന തെറികളാണ് ശ്രീജിത്തിന് മെസേജുകളായും കമന്റുകളായും ലഭിച്ചത്. നൂറ്റമ്പതോളം സംഘപരിവാര്‍ അനുകൂലികള്‍ തന്നെയും തന്റെ പിതാവിനെയു തെറി വിളിച്ചതായി ശ്രീജിത്ത് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള അസഭ്യവര്‍ഷത്തിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടും പുതിയ പോസ്റ്റിനൊപ്പം ശ്രീജിത്ത് നല്‍കിയിട്ടുണ്ട്.
ശ്രീജിത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്,
‘എന്റെ പിതാവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നേരിട്ടും അല്ലാതെയും എന്റെ കുടുംബത്തെ സമാശ്വസിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു. അവസാനം വരെ കൂടെ ഒരു കൈത്താങ്ങായി കൂടെ നിന്ന സഹോദര തുല്യരായ ഡോക്ടേര്‍സിനും, നന്ദി. എന്നെ നേരിട്ടറിയുന്ന എല്ലാവര്‍ക്കും എന്റെ അച്ഛന്‍ എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നെന്ന് അറിയാമല്ലോ.
ഒരു സാമൂഹ്യ വിഷയം കൂടി ആയത് കൊണ്ടാണ് ഞാന്‍ ഫേസ് ബുക്കില്‍ അങ്ങനെ കുറിച്ചത്.അത് വൃക്തി പരമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. പിന്നെ മോനേ എന്ന് ദ്വയാര്‍ത്ഥത്തില്‍ വിളിച്ച ആളുകളോട് ഞാന്‍ ചെറിയ കുട്ടിയല്ല. രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ്. അത് കൊണ്ട് പിതൃ പുത്ര ബന്ധമൊന്നും നിങ്ങള്‍ പഠിപ്പിക്കണമെന്നില്ല. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജവാന്‍മാരായ സുഹൃത്തുക്കളാണ് ആദ്യം വിളിച്ചത്, അത് കൊണ്ട് രാജ്യസ്‌നേഹവും.ഏതാണ്ട് നൂറ്റി അന്‍പതോളം പേരാണ് കേട്ടാലറക്കുന്ന ഭാഷയില്‍ എന്നേയും എന്റെ പിതാവിനേയും തെറി വിളിച്ചു കൊണ്ട് മെസ്സേജ് അയച്ചിരിക്കുന്നത്.
പലരും പരസ്യമായി അവരവരെ ക്കൊണ്ട് പറ്റുന്ന രീതിയില്‍ ‘സഭ്യമായി’ പ്രതികരിച്ചവര്‍.പക്ഷേ ആശ്വസിപ്പിച്ചവര്‍ ആയിരങ്ങള്‍ വരും, അതിലാണെന്റെ പ്രതീക്ഷ. ഒരു പരിചയവുമില്ലാത്ത ആളിന്റെ വീട്ടിലേക്ക് കടന്നു കയറി മലവിസര്‍ജ്ജനം നടത്തുന്ന ഇത്തരക്കാര്‍, അവരുടെ സേവനം തുടര്‍ന്നു കൊണ്ടേയിരിക്കുക. രാജ്യം പുരോഗമിക്കട്ടെ. സാമ്പിള്‍ ആയി ഒരു മെസേജ് ഞാന്‍ കാണിക്കുന്നു. മറ്റൊന്നിനുമല്ല, എന്റെ പിതാവ് എന്നെ ചങ്കുറപ്പുള്ള ഒരു മനുഷ്യനായാണ് വളര്‍ത്തിയത്, ഭീരുവായല്ല. എല്ലാ വിശദീകരണങ്ങളും നിര്‍ത്തുന്നു. അല്‍പ്പകാലത്തേക്ക് എല്ലാത്തില്‍ നിന്നും വിട. ചെയ്ത് തീര്‍ക്കാന്‍ ഒരു പാട് ജോലികള്‍ ബാക്കിയുണ്ട്. അനുശോചനങ്ങള്‍ അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല