സ്വന്തം ലേഖകൻ: ഒരിനം നീർനായ്ക്കളിൽ ജനിത വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഡെൻമാർക്കിന്റെ തീരുമാനം. 17 ദശലക്ഷത്തോളം വരുന്ന മിങ്കുകളെയാണ് കൊവിഡിന്റെ വീണ്ടുമൊരു ആഗോള വ്യാപന ആശങ്കയെ തുടർന്ന് കൊന്നൊടുക്കുന്നത്.
മിങ്കുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കാൻ രണ്ടാം ഘട്ട കൊറോണവ്യാപനം ഇടയാക്കിയേക്കുമെന്ന് ആശങ്കയും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതായി ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു.
രാജ്യത്തെ ജനങ്ങളോട് മാത്രമല്ല ലോകത്തോട് തന്നെ ഭരണകൂടത്തിന് ഉത്തരവാദിത്തമുള്ളതിനാലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ മിങ്കുകകളെ കൊന്നൊടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിൽ മിങ്കുകകളുടെ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക്.
മിങ്കുകളെ വളർത്തുന്ന ഫാമുകളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളും മറ്റ് 12 പേരിലും പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. രാജ്യത്താകെ 15 ദശലക്ഷം മുതൽ 17 ദശലക്ഷം വരെയാണ് മിങ്കുകകളുള്ളത്. ഫാമുകളുമായി ബന്ധപ്പെട്ടുള്ള കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ജൂണിൽ തന്നെ ഡെൻമാർക്ക് ആരംഭിച്ചിരുന്നു.
മിങ്കുകകളുടെ കൊന്നൊടുക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ പോലീസ്, സൈന്യം, ഹോംഗാർഡ് എന്നിവയെ രാജ്യത്താകമാനം അടിയന്തരമായി വിന്യസിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരിവർത്തനം സംഭവിച്ച കൊറോണ വൈറസിൽ നിന്ന് വീണ്ടുമൊരു മഹാമാരിയ്ക്കുള്ള സാധ്യതയുള്ളതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ പരീക്ഷണങ്ങൾ നടക്കുന്ന വാക്സിനുകൾക്ക് ഈ പുതിയതരം വൈറസിനെ ചെറുക്കാനാവില്ലെന്നും പുതിയ വാക്സിൻ കണ്ടെത്താൻ ഏറെ സമയം വേണ്ടി വരുമെന്നും ഡെൻമാർക്കിന്റെ സ്റ്റേറ്റ് സിറം ഇൻസ്റ്റിട്യൂട്ട് ഡയറക്ടറും വാക്സിൻ വിദഗ്ധനുമായ പ്രൊഫസർ കെയർ മോൾബാക്ക് പറഞ്ഞു. ഇതു വരെ നടത്തി വന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫലമില്ലാതാകാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിങ്കുകളിൽ കൊറോണവൈറസ് അനായാസേന കടന്നുകൂടുന്നതായും വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് വ്യാപിക്കും. ഡെൻമാർക്കിൽ പന്ത്രണ്ടോളം പേരിൽ ഈ വൈറസ് സ്ഥിരീകരിച്ചത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
കാലക്രമേണ വൈറസുകൾക്ക് ജനിതകമാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇപ്പോൾ വൈറസിനുണ്ടായ മാറ്റത്തെ കുറിച്ച് സൂക്ഷ്മമായി പഠനം നടത്താൻ ആരംഭിച്ചതായും ലോകാരോഗ്യസംഘടനയുടെ എമർജൻസി ഓഫീസർ കാതറിൻ സ്നോൾവുഡ് വ്യക്തമാക്കി. സാമ്പത്തികമായി രാജ്യത്തെ ബാധിക്കുമെങ്കിലും നീർനായകളെ കൊന്നൊടുക്കാനുള്ള ഡെൻമാർക്കിന്റെ തീരുമാനം ധീരവും ശക്തവുമാണെന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് പറഞ്ഞു.
ഡെൻമാർക്കിൽ ലോക്ഡൗൺ വ്യാഴാഴ്ച മുതൽ കൂടുതൽ ശക്തമാക്കി. നീർനായ ഫാമുകൾ കൂടുതലായി പ്രവർത്തിക്കുന്ന ഏഴ് മുൻസിപ്പാലിറ്റികളിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ജനസഞ്ചാരത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി. സ്കൂളുകളുടേയും പൊതു ഗതാഗതസൗകര്യത്തിന്റെയും പ്രവർത്തനം ഡിസംബർ മൂന്ന് വരെ നിർത്തി വെച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല