സ്വന്തം ലേഖകന്‍: ഓസ്ട്രിയക്കു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഡെന്മാര്‍ക്കും. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം പാര്‍ട്ടികളും നിരോധനത്തെ പിന്തുണച്ചതോടെ സര്‍ക്കാര്‍ നിരോധന നീക്കവുമായി മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയില്‍ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേര്‍ത്ത തുണികൊണ്ടുള്ള പൂര്‍ണമായി മറക്കുന്ന മുഖാവരണത്തിനുമാണ് നിരോധനം ഏര്‍പ്പെടുത്തുകയെന്ന് ഡെന്മാര്‍ക്കിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെന്‍മാര്‍ക്ക് കൂട്ടുമന്ത്രിസഭയിലെ ഭൂരിപക്ഷവും നിരോധന തീരുമാനത്തെ പിന്തുണച്ചു. സര്‍ക്കാറിന്റെ സഖ്യകക്ഷിയായ ഡാനിഷ് പീപ്പ്ള്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകളും നിരോധനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുഖാവരണം നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമാണെന്നും ഇത് മതപരമായ പ്രശ്‌നമല്ലെന്നും മുഖം മറക്കുന്നതിന്റെ നിരോധനമാണെന്നും ലിബറല്‍ പാര്‍ട്ടി വക്താവ് ജേക്കബ് എലെമാന്‍ ചൂണ്ടിക്കാട്ടി.
പൂര്‍ണമായും ഭാഗികമായും മുഖാവരണം ധരിക്കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖാവരണം ധരിക്കുന്നത് മതപരമായ സ്വാതന്ത്ര്യമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍, അന്യദേശ സംസ്‌കാരവും സ്ത്രീകളോടുള്ള മര്‍ദനത്തിന്റെ പ്രതീകവും ആണെന്ന് മറ്റൊരു വിഭാഗം ആരോപിക്കുന്നു. ഡെന്‍മാര്‍ക്കില്‍ ഏകദേശം 200 ഓളം മുസ്ലീം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ബള്‍ഗേറിയ, ബവേറിയ എന്നീ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പൂര്‍ണമോ ഭാഗികമോ ആയി മുഖാവരണങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയന്‍ സര്‍ക്കാര്‍ കിന്റര്‍ഗാര്‍ഡന്‍, വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ മുഖാവരണം ധരിക്കുന്നത് നിരോധിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല