സ്വന്തം ലേഖകന്‍: വിദേശികളില്‍ നിന്ന് പ്രതിമാസ ലെവി, പ്രതിവര്‍ഷം 1,65,000 പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ദര്‍. രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ പ്രതിഫലിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതര്‍ സൗദിയില്‍ താമസമുണ്ട്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 3.7 ശതമാനത്തോളം വരുന്ന 8800 കോടി റിയാലാണു ഈ കുടുംബങ്ങള്‍ സൗദിയില്‍ പ്രതിവര്‍ഷം ചെലഴിക്കുന്നത്.
കൂടുതല്‍ ആശ്രിതരുള്ള കുടുംബങ്ങളെ പുതിയ ഫീസ് ഏറെ പ്രതികൂലമായി ബാധിക്കും. 2020 ആകുമ്പോഴേക്കും പ്രതിമാസ ആശ്രിത ഫീ 400 റിയാലായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട്ടു ചെലവ് കുത്തന്നെ ഉയരുകയാവും ഫലം. ഇടത്തരം പ്രവാസികള്‍ക്ക് അതോടെ ഇത് താങ്ങാന്‍ കഴിയാതാകുകയും ചെയ്യും. പ്രവാസി കുടുംബങ്ങളുടെ മടക്കം റീട്ടെയില്‍, ഭക്ഷ്യമേഖലകളിലും വിദ്യാഭ്യാസം, യാത്ര, ടെലികോം തുടങ്ങിയ സേവന മേഖലകളില്‍ കനത്ത ആഘാതം ഏല്‍പ്പിക്കുമെന്നാണ് സൂചന.
കുടുംബത്തോടൊപ്പം രാജ്യത്തു കഴിയുന്ന 11 ലക്ഷം വിദേശ തൊഴിലാളികളില്‍ 53 ശതമാനം ആളുകള്‍ 10,000 റിയാലില്‍ കുടുതല്‍ പ്രതിമാസ വേതനം പറ്റുന്നവരാണ്. ഗോസി അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം തൊഴിലുടമകള്‍ വീട്ടുവാടകയും വിദ്യാഭ്യാസ അലവന്‍സും നല്‍കുന്നവരെ ആശ്രിത ഫീ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് അനുമാനം.
9000 മുതല്‍ 10,000 വരെ ശമ്പളം ലഭിക്കുന്ന വിഭാഗത്തിലാണ് ഇവരുള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്രിതര്‍ കുറവായിരിക്കും. പുതിയ ഫീയില്‍ പരമാവധി ഈടാക്കി തുടങ്ങുന്ന 2020 ആകുന്നതോടെ കൂടുതല്‍ ആശ്രിതര്‍ മടങ്ങുന്നതോടെ പ്രവാസികള്‍ വീട്ടു സാധനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ പ്രതിവര്‍ഷം 1300 കോടിയിലേറെ റിയാലിന്റെ കുറവുണ്ടാകുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല