സ്വന്തം ലേഖകന്‍: ആശ്രിത ലെവിയും സ്വദേശിവത്കരണവും തിരിച്ചടിയാകുന്നു; വിദേശി കുടുംബങ്ങള്‍ കൂട്ടത്തോടെ സൗദി വിടുന്നത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. മിക്ക സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നൂറുകണക്കിന് വിദേശി കുടുംബങ്ങളാണ് ഈ അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്.
കുട്ടികള്‍ കുറഞ്ഞതിനാല്‍ അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ഉടമകള്‍ പറയുന്നു. ഇതിനകം പല സ്‌കൂളുകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചില സ്‌കൂളുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സിന് കീഴിലുള്ള സ്വകാര്യ വിദ്യാലയ സമിതി അംഗം ഡോ. സുഹൈല്‍ ഗുനൈം പറഞ്ഞു.
‘രാജ്യത്തെ 60 ശതമാനം സ്‌കൂളുകളില്‍ 7,000 മുതല്‍ 13,000 റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ് ഈടാക്കുന്നത്. എന്നാല്‍, അധ്യാപകര്‍ക്ക് ശമ്പളം വിതരണം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ സ്വദേശി അധ്യാപകരുടെ വേതനം തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വഹിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലും കൊഴിഞ്ഞുപോക്ക് രൂക്ഷമാണ്. ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി സ്‌കൂളുകളില്‍ 30 ശതമാനം വരെ വിദ്യാര്‍ഥികളുടെ കുറവുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സി.ബി.എസ്.ഇ. പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ സ്‌കൂളുകളില്‍ 50 ശതമാനം വരെ വിദ്യാര്‍ഥികളുടെ കുറവുണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഈ സ്‌കൂളുകളിലെ അധ്യാപകരേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല