സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി ഉയര്‍ത്തുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ തീരുമാനം തത്ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം. പങ്കാളിയെയോ ആശ്രിതരെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ വരുമാന പരിധി ഈ വര്‍ഷം ആദ്യം 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 38,700 പൗണ്ട് ആക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഈ വര്‍ദ്ധനവാണ് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ തത്ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരിക്കുന്നത്.
ഈ പരിധി പുനപരിശോധിക്കണമെന്നും നീതീകരിക്കാവുന്ന രീതിയിലുള്ള ശമ്പള പരിധി നിര്‍ദ്ദേശിക്കണമെന്നും മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എം എ സി) യോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തോടൊപ്പം കുടുംബ ജീവിതത്തിന്റെ സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട് എന്നായിരുന്നു ജനപ്രതിനിധി സഭയില്‍ അവര്‍ എം പിമാരോട് പറഞ്ഞത്. നിലവില്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വരുമാന പരിധി 29,000 പൗണ്ട് ആണ്. എം എ സി ഇക്കാര്യം പുനഃപരിശോധിച്ച് തീരുമാനം എടുക്കുന്നത് വരെ അത് മാറ്റമില്ലാതെ തുടരും.
വരുമാന പരിധി 38,700 പൗണ്ട് ആക്കി ഉയര്‍ത്തുന്നത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയായിരുന്നു ഇത് പ്രഖ്യാപിച്ചത്. നിരവധി വിവാഹങ്ങള്‍ റദ്ദാക്കപ്പെടുമെന്നും, ആയിരക്കണക്കിന് കുടുംബ ബന്ധങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അന്ന് നിരവധിപേര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. അന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലും പരിധി 38,700 പൗണ്ട് ആക്കി ഉയര്‍ത്തരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു.
നിയമനടപടികള്‍ക്ക് ആരെങ്കിലും മുതിര്‍ന്നാല്‍, സമത്വ നിയമങ്ങളുടെയും, മനുഷ്യാവകാശ നിയമങ്ങളുടെയും ബലത്തില്‍ സര്‍ക്കാരിന് കോടതിയില്‍ പരാജയം നേരിടാന്‍ സാധ്യതയുണ്ടെന്നായിരുന്നു അവരുടെ വാദം. എം എ സിയുടെ നിലവിലെ ചെയര്മാന് ബ്രിയാന്‍ ബെല്ലും അന്ന് ഇക്കാര്യത്തില്‍ ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു.
നെറ്റ് ഇമിഗ്രേഷനെ വളരെ കുറഞ്ഞ തോതില്‍ മാത്രമെ ഈ നയം സ്വാധീനിക്കുകയുള്ളു എന്നും, അതേസമയം ബ്രിട്ടീഷ് സമൂഹത്തെ ഇത് വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യു കെ യിലെ പൂര്‍ണ്ണ സമയ ജോലിക്കാരുടെ മീഡിയന് ശരാശരി ശമ്പളം 34,963 പൗണ്ട് ആയിരിക്കുമ്പോള്‍, വിദേശ തൊഴിലാളികള്‍ അതിനേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരായിരിക്കണം എന്ന് ശഠിക്കുന്നതിലെ നിരര്‍ത്ഥകതയും അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മറ്റ് പദ്ധതികള്‍ തുടര്‍ന്നും ഉണ്ടായിരിക്കും എന്നും കൂപ്പര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും കുടുംബത്തെ കൂടെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം, സ്കില്‍ഡ് വര്‍ക്കര്‍ വീസക്ക് യോയഗ്യത നേടുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കിയത്, തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല