1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് ഡിജിറ്റൽ ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ആറാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യണമെങ്കിൽ ശമ്പളം 15,000 ദിർഹം ഉണ്ടാകണം.

ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ജീവിത പങ്കാളിയെയും മക്കളെയും ഉൾപ്പെടെ 5 പേരാണോ എന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല.

യുഎഇയിൽ റഡിസൻസ് വീസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വീസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വീസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി.

അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടാകണം. ഈ നിയമം അനുസരിച്ച് ഒരു ഭാര്യയിൽ എത്ര മക്കളുണ്ടെങ്കിലും സ്പോൺസർ ചെയ്യാം. രണ്ടാമതൊരു ഭാര്യയും മക്കളും ഉണ്ടെങ്കിൽ അവർക്കായി വേറെ ഫ്ലാറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് ഒരു വർഷ കാലാവധിയുള്ള വീസയാണ് ലഭിക്കുക. 5000 ദിർഹം ഡിപ്പോസിറ്റും നിർബന്ധം.

മാതാപിതാക്കളെ റെസി‍ഡൻസ് വീസയിൽ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും നിർബന്ധം. 5000 ദിർഹം കെട്ടിവയ്ക്കണം. നാട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത, മാറ്റാരും നോക്കാനില്ലാത്ത പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ പ്രത്യേക അനുമതി എടുത്ത് കൊണ്ടുവരാം.

മാതാപിതാക്കൾക്കും പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾക്കും ഒരു വർഷ കാലാവധിയുള്ള വീസയാണ് നൽകുക. ഓരോ വർഷവും പുതുക്കാം. മാനുഷിക സാഹചര്യം കണക്കിലെടുത്താണ് പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. യുദ്ധം മൂലം പ്രയാസപ്പെടുന്ന രാജ്യക്കാരുടെ ആശ്രിതർക്ക് വീസയും പുതുക്കി നൽകും.

സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്ക് മാറ്റാനും അനുമതിയുണ്ട്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിനു മുകളിലുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വീസ നിയമം ബാധകമായിരിക്കും.

കുറഞ്ഞത് 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്ക് കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ സന്ദർശക വീസയിൽ കൊണ്ടുവരാം. എന്നാൽ പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം ഉണ്ടാകണം.

10, 5 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ, ഗ്രീൻ വീസ, ഈ 2 വീസക്കാരുടെയും ആശ്രിതർ എന്നിവർക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞാലും താമസ വീസ റദ്ദാകില്ല. കാരണം ബോധിപ്പിച്ച് അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ യുഎഇയിലേക്കു പ്രവേശിക്കാം. അതുപോലെ വീസ കാലാവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാതെ 6 മാസം വരെ യുഎഇയിൽ തങ്ങാനും ഇവർക്കും ആശ്രിതർക്കും അനുമതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.