സ്വന്തം ലേഖകൻ: തെക്കേ അമേരിക്കയിലേക്കുള്ള ദീര്‍ഘദൂര വിമാനങ്ങള്‍, പ്രക്ഷുബ്ധമായ കടലിലൂടെ ആടിയുലഞ്ഞ ബോട്ടുകളിലൂടെയുള്ള യാത്ര, അപകടം പതിയിരിക്കുന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള കാല്‍നടയാത്ര, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഇരുണ്ട ജയിലുകള്‍…അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാര്‍ കടന്നുപോയത് ഒരു ദു:സ്വപ്‌നം പോലെയുള്ള അനുഭവങ്ങളിലൂടെയാണ്. തൊഴില്‍ വീസയെന്ന ഏജന്റുമാരുടെ വാഗ്ദാനത്തില്‍ അകപ്പെട്ട് ഒടുവില്‍ വഞ്ചിതരായി ദുരിതങ്ങള്‍മാത്രം നിറഞ്ഞ വഴിയിലൂടെയാണ് ഇവരില്‍ മിക്കവരും യു.എസിലെത്തിയത്.
ഒരു ഏജന്റിന് 44 ലക്ഷം രൂപ നല്‍കിയെന്നും അയാള്‍ തനിക്ക് യുഎസില്‍ തൊഴില്‍ വീസ വാഗ്ദാനം ചെയ്തതായും പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ തഹ്ലി ഗ്രാമത്തില്‍ നിന്നുള്ള ഹര്‍വിന്ദര്‍ സിങ് പറഞ്ഞു. അവസാന നിമിഷമാണ് വീസ ലഭിച്ചില്ലെന്ന് ഏജന്റ് അറിയിച്ചത്. പിന്നീട് ഡല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കും അവിടെ നിന്ന് ബ്രസീലിലേക്കും വിമാനം കയറ്റിവിട്ടു. ബ്രസീലിലെത്തിയപ്പോള്‍ പെറുവില്‍ നിന്നൊരു വിമാനം വരാനുണ്ടെന്നും അതില്‍ കയറ്റിവിടാമെന്നും പറഞ്ഞു.
പക്ഷേ അങ്ങനെയൊരു വിമാനമുണ്ടായിരുന്നില്ല. പിന്നീട് ടാക്‌സി കാറില്‍ കൊളംബിയയിലേക്കും അവിടെനിന്ന് പനാമയിലേക്കും പോയി. ഞങ്ങളെ കൊണ്ടുപോകാന്‍ അവിടെ ഒരു കപ്പല്‍ വരുമന്ന് പറഞ്ഞു. പക്ഷേ അതും കള്ളമായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ദുരിതയാത്ര ആരംഭിച്ചത് അവിടെ നിന്നാണ്.’ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ഹര്‍വിന്ദര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ഒരു പര്‍വത പാതയിലൂടെ നടന്നതിനുശേഷം ഹര്‍വീന്ദറിനേയും ഒപ്പമുള്ളവരേയും ഒരു ചെറിയ ബോട്ടില്‍ ആഴക്കടലിലൂടെ മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് അയച്ചു. നാല് മണിക്കൂര്‍ നീണ്ട കടല്‍ യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന ഒരാളുടെ മരണത്തിനിടയാക്കി. പനാമ കാട്ടില്‍വെച്ച് മറ്റൊരാളും മരണത്തിന് കീഴടങ്ങി. കൈയില്‍ ബാക്കിയുണ്ടായിരുന്ന കുറച്ച് അരിയാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത്. ഹര്‍വിന്ദര്‍ പറയുന്നു.
ദാരാപൂര്‍ ഗ്രാമത്തിലെ സുഖ്പാല്‍ സിങ്ങിനും സമാനമായ ഒരു പരീക്ഷണം നേരിടേണ്ടി വന്നു. കടല്‍ മാര്‍ഗം 15 മണിക്കൂര്‍ യാത്ര ചെയ്തു. ആഴമേറിയ താഴ്വരകളാല്‍ ചുറ്റപ്പെട്ട കുന്നുകള്‍ക്കിടയിലൂടെ 40-45 കിലോമീറ്റര്‍ നടന്നു. ‘ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍, അവരെ വഴിയില്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. വഴിയില്‍ നിരവധി മൃതദേഹങ്ങളും കണ്ടു.”സുഖ്പാല്‍ പറയുന്നു.
ഇതിനിടയില്‍ ജലന്ധര്‍ ജില്ലയില്‍നിന്നുള്ള ഒരാള്‍ മെക്സിക്കോയില്‍ പിടിയിലായി. യു.എസ് അതിര്‍ത്തി കടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഞങ്ങളെ 14 ദിവസം ഇരുണ്ട ജയിലില്‍ പാര്‍പ്പിച്ചു. ആ ദിവസങ്ങളില്‍ സൂര്യന്റെ വെളിച്ചംപോലും കണ്ടില്ല. ആയിരക്കണക്കിന് പഞ്ചാബി ആണ്‍കുട്ടികളും കുടുംബങ്ങളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. നിയമം ലംഘിച്ച്, തെറ്റായ വഴികളിലൂടെ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്.’ സുഖ്പാല്‍ പറയുന്നു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്സറിലിറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്.
പഞ്ചാബില്‍നിന്ന് 30 പേര്‍, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് 33 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് മൂന്നുപേര്‍ വീതം, ചണ്ഡീഗഢില്‍നിന്ന് രണ്ടുപേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുന്നെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സംഘമാണ് മടങ്ങിയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല