1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2025

സ്വന്തം ലേഖകൻ: യുഎസ് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനത്തിലും പുരുഷൻമാരെ കൈവിലങ്ങും കാൽച്ചങ്ങലയും ധരിപ്പിച്ചു. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനു 10 മിനിറ്റ് മുൻപാണു വിലങ്ങ് നീക്കം ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു. 112 പേരുമായി യുഎസ് സൈനികവിമാനം ഞായറാഴ്ച രാത്രിയാണു പഞ്ചാബിലെ അമൃത്‌‌സറിൽ എത്തിയത്.

അനധികൃത കുടിയേറ്റക്കാരെ പിടികൂടി താമസിപ്പിച്ച ക്യാംപുകളിൽ തലപ്പാവ് ഉൾപ്പെടെ അഴിപ്പിച്ചെന്നു സിഖ് യുവാക്കൾ ആരോപിച്ചു. ഇതു ചോദ്യം ചെയ്തവരോട് ആരെങ്കിലും തൂങ്ങിമരിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ തിരിച്ചുചോദിച്ചത്രേ. ഷൂ ലെയ്സ് പോലും ഊരിമാറ്റി. അമൃത്‌സറിൽ എത്തിയ ശേഷമാണു തലപ്പാവ് ധരിക്കാനായത്.

യാത്രക്കാരോടുള്ള സമീപനത്തിൽ ഇന്ത്യ അതൃപ്തി അറിയിക്കുകയും മോദി–ട്രംപ് കൂടിക്കാഴ്ച നടക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്നു വ്യക്തമാക്കുന്നതാണു വെളിപ്പെടുത്തൽ. ഫെബ്രുവരി 5ന് എത്തിയ ആദ്യ വിമാനത്തിൽ കുട്ടികളൊഴികെ എല്ലാവരെയും വിലങ്ങ് അണിയിച്ചിരുന്നെങ്കിൽ ശനി, ഞായർ ദിവസങ്ങളിലെത്തിയ വിമാനങ്ങളിൽ പുരുഷന്മാർക്കു മാത്രമായിരുന്നു നിയന്ത്രണം.

യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ഈ വിഷയം ഉയർത്തിയോ എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്നു തൃണമൂൽ എംപി സാകേത് ഗോഖലെ ആവശ്യപ്പെട്ടു. ജനുവരി 20നു ട്രംപ് സ്ഥാനമേറ്റശേഷം 335 ഇന്ത്യക്കാരെയാണു നാടുകടത്തിയത്. കൂടുതൽ പേർ വരുംദിവസങ്ങളിൽ എത്തുമെന്നു സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.