1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2025

സ്വന്തം ലേഖകൻ: അമേരിക്കയിൽനിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിൽ. ഇന്ത്യ, ഇറാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. ഹോട്ടലിന്റെ ജനാലയ്ക്കരികിൽ വന്ന് സഹായം അഭ്യർത്ഥിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ വിദേശ മാധ്യമങ്ങളും വാർത്താ ഏജൻസികളും പുറത്തുവിട്ടു.

പാനമയും അമേരിക്കയും തമ്മിലുള്ള കരാർ പ്രകാരം ഈ ഹോട്ടലിലുള്ളവർക്ക് ഭക്ഷണവും മെഡിക്കൽ സേവനങ്ങളും നൽകിവരുന്നുണ്ട്. മുറികൾക്ക് പോലീസ് കാവലുണ്ട്. നാടുകളിലെത്തിക്കാൻ രാജ്യാന്തര സന്നദ്ധ സംഘടനകൾ സൗകര്യമൊരുക്കുന്നതുവരെ ഇവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഹോട്ടലിലെ 40 ശതമാനത്തിലേറെപ്പേരും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. ഇക്കൂട്ടത്തിൽപ്പെട്ട ചിലരാണ് ഹോട്ടൽ ജനലിന് സമീപത്തെത്തി സഹായം അഭ്യർത്ഥിച്ചത്. അമേരിക്ക നാടുകടത്തിയതിനെത്തുടർന്ന് പാനമയിലെത്തിയ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.

ചൈനയിൽനിന്നുള്ള ഒരു സ്ത്രീ പ്രദേശത്തെ ചില ആളുകളുടെ സഹോയത്തോടെ ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടെന്ന് പാനമയുടെ ദേശീയ ഇമിഗ്രേഷൻ സർവീസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. സ്ത്രീയെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഒരു ചൈനീസ് സ്ത്രീ സമീപത്ത് ചുറ്റിത്തിരിയുന്ന ആളുകളുടെ സഹായത്തോടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടെന്നാണ്. അവരെ സഹായിച്ചവർക്ക് മനുഷ്യക്കടത്ത് അല്ലെങ്കിൽ കുടിയേറ്റ കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പാനമയിലെത്തിയവരുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 299 കുടിയേറ്റക്കാരിൽ 171 പേർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സമ്മതിച്ചിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ എത്രസമയത്തിനകമായിരിക്കും ഇതുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞില്ല. ഒരു ഐറിഷ് പൗരനെ ഇതിനകം തിരിച്ചയച്ചിട്ടുണ്ടെന്ന് അബ്രെഗോ ചൂണ്ടിക്കാട്ടി.

സ്വന്തം രാജ്യത്തേക്ക് സ്വമേധയാ മടങ്ങിപ്പോകാൻ കുടിയേറ്റക്കാർ തയ്യാറാവാത്തത് എത്രകാലം ഹോട്ടലിൽ തങ്ങേണ്ടിവരുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുന്നതുവരെ, ശേഷിക്കുന്ന കുടിയേറ്റക്കാരെ കൊളംബിയൻ അതിർത്തിയിലെ ഇടതൂർന്ന വനപ്രദേശമായ ഡാരിയൻ ഗ്യാപ്പിനടുത്തുള്ള ഒരു താൽക്കാലിക മൈഗ്രേഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ സൂചിപ്പിച്ചു.

വടക്കുഭാ​ഗത്തുകൂടി അമേരിക്കയിലേക്ക് യാത്രചെയ്യുന്ന കുടിയേറ്റക്കാർ ഉപയോ​ഗിക്കുന്ന അപകടംനിറഞ്ഞ പാതയാണ് ഡാരിയൻ ​ഗ്യാപ്. നാടുകടത്തപ്പെട്ടവരെ പാർപ്പിക്കാനുള്ള സ്ഥലമായി ഇവിടം ഉപയോ​ഗിക്കുന്നത് യുഎസ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിൽ പാനമയുടെ പങ്കിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.