1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2025

സ്വന്തം ലേഖകൻ: അഭയാർഥികൾക്ക് ഇനി പൗരത്വം നൽകില്ലെന്ന നിയമം നടപ്പിലാക്കി ബ്രിട്ടൻ‌. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അർധരാത്രിയോടെ ചെറുബോട്ടുകളിലും മറ്റും ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അഭയാർഥികൾക്ക് ഇനി പൗരത്വം നൽകില്ല. അനധികൃതമായി എത്തിയവരെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്റെ നാടുകടത്തല്‍ പദ്ധതിയില്‍ സഹകരിച്ചില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പ്രഖ്യാപിച്ചു.

വീസ തടയുകയും, ഇതിന്റെ ചെലവ് വർധിപ്പിക്കുകയും, മനഃപ്പൂര്‍വ്വം വീസ അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ നടപടികള്‍ ഇതില്‍ ഉൾപെടുമെന്നാണ് സൂചന. രാജ്യത്ത് തുടരാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ആണ് ഊർജിതമായി നടപ്പിൽ വരുത്തുന്നത്. കുറ്റകൃത്യം ചെയ്തവരെയും അനധികൃതമായി പ്രവേശിച്ചവരെയുമാണ് ഇപ്പോൾ നാടുകടത്തുന്നത്.

ബോട്ടുകൾ വഴിയും വാഹനത്തിൽ ഒളിച്ചിരുന്നും അപകടകരമായ സാഹചര്യത്തിൽ യാത്ര നടത്തി നിയമവിരുദ്ധമായി ബ്രിട്ടനിൽ പ്രവേശിക്കുന്ന ആർക്കും സാധാരണഗതിയിൽ പൗരത്വം നിഷേധിക്കപ്പെടുമെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഹോം ഓഫിസ് ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നാൽ ഈ മാറ്റത്തെ അഭയാർഥി കൗൺസിലും ചില ലേബർ എംപിമാരും അപലപിക്കുന്നുണ്ട്.

ഫെബ്രുവരി 10 മുതൽ പൗരത്വത്തിന് അപേക്ഷിക്കുന്ന ഏതൊരു വ്യക്തിയും മുമ്പ് അനധികൃതമായി യുകെയിൽ പ്രവേശിച്ചവരാണെങ്കിൽ അനധികൃത പ്രവേശനം നടന്നതിന് ശേഷം എത്ര സമയം കടന്നുപോയാലും പൗരത്വ അപേക്ഷ നിരസിക്കപ്പെടും എന്നാണ് ഹോം ഓഫിസിന്റെ അറിയിപ്പ്. നേരത്തെ ക്രമരഹിതമായ വഴികളിലൂടെ എത്തിയ അഭയാർഥികളെ പത്ത് വർഷത്തിന് ശേഷം പൗരത്വം നൽകാൻ പരിഗണിച്ചിരുന്നു. പുതിയ നിയമപ്രകാരം ഇനി മുതൽ പൗരത്വം നൽകില്ല.

മുൻ ഗവൺമെന്റിന്റെ റുവാണ്ട പദ്ധതി റദ്ദാക്കുകയും അനധികൃത കുടിയേറ്റക്കാർക്കെതിരെ ഉള്ള പൊലീസ് അധികാരം വർധിപ്പിക്കുകയും ചെയ്യുന്ന പുതിയ അതിർത്തി സുരക്ഷാ ബിൽ തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇപ്പോൾ ബ്രിട്ടനിലുള്ള 71,000 അഭയാർഥികളെങ്കിലും ബ്രിട്ടിഷ് പൗരത്വം നേടുന്നതിൽ നിന്നും പുറത്താകും.

കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിലുടനീളം അനധികൃത ജോലികൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. നെയിൽ ബാറുകൾ, കാർ വാഷ് സെന്ററുകൾ, റസ്റ്ററന്‍റുകൾ എന്നിവയുൾപ്പെടെ 828 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഹോം ഓഫിസ് പുറത്തിറക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.