സ്വന്തം ലേഖകൻ: ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരമേറ്റശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യു.എസ് സർക്കാർ വൃത്തങ്ങൾ. ട്രംപ് അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളിൽ നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ആണ് 538 നിയമവിരുദ്ധകുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത വിവരം പുറത്തു വിട്ടത്. തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. ട്രെൻ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, നൂറുകണക്കിന് ആളുകളെ സൈനികവിമാനത്തിൽ നാടുകടത്തിയതായും അവർ വ്യക്തമാക്കി.
അറസ്റ്റുഭീഷണിയുള്ളതിനാൽ കാലിഫോർണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കെത്തിയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസിൽ നിർമാണമേഖലയിൽ ജോലിചെയ്യുന്നവരിൽ വലിയവിഭാഗവും അനധികൃതകുടിയേറ്റക്കാരാണ്.
അതേസമയം, നിയമവിരുദ്ധകുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് മുന്നോടിയായി മെക്സിക്കോ ആവശ്യമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കൂട്ട അഭയാർഥിപ്രവാഹമുണ്ടാകുന്നത് കണക്കിലെടുത്ത് മെക്സിക്കോയുടെ അതിർത്തിസംസ്ഥാനങ്ങൾ ബുധനാഴ്ച കൂടുതൽ അഭയാർഥിക്കൂടാരങ്ങൾ പണിയാൻ ആരംഭിച്ചു. യു.എസ്. സംസ്ഥാനമായ ടെക്സസിലെ എൽ പാസോയോടുചേർന്ന സ്യുഡാഡ് ഹ്വാരെസിലാണ് കൂടാരങ്ങളുണ്ടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല