സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായി വൈറ്റ് ഹൗസ്. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്.
“അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് ലോകത്തിന് നല്‍കുന്നത്. അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും”, വൈറ്റ് ഹൗസ് പോസ്റ്റില്‍ വ്യക്തമാക്കി.
വലിയതോതിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രഖ്യാപിച്ചിരുന്നു. ഭീകരവാദിയെന്ന് സംശയിക്കുന്ന ഒരാളുള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികള്‍, യൂട്ടായിലെ സാമൂഹികവിരുദ്ധസംഘമായ ട്രെന്‍ ഡി അരാഗ്വയിലെ നാല് അംഗങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങളിലെ പ്രതികള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായും ലെവിറ്റ് അറിയിച്ചു.
യു.എസ്സിന്റെ ചരിത്രത്തിലെ ‘ഏറ്റവും ബൃഹത്തായ നാടുകടത്തല്‍ ഉദ്യമം’ എന്നാണ് ലെവിറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിനാളുകളെ സൈനികവിമാനങ്ങളില്‍ കയറ്റി അയച്ചതായും ലെവിറ്റ് പറഞ്ഞു. വാഗ്ദാനം നല്‍കി, വാഗ്ദാനം പാലിച്ചു എന്നും ലെവിറ്റ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
താന്‍ അധികാരത്തിലെത്തിയാലുടനെ തന്നെ നിയമപരമായ അനുമതിയില്ലാതെ യു.എസ്സില്‍ തങ്ങുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍മേഖലയില്‍ അധികാരത്തിലെത്തിയതിനുപിന്നാലെ ട്രംപ് അടിയന്തരാവസ്ഥ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, അനധികൃത കുടിയേറ്റത്തെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന നിലപാട് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. യു.എസ്സിലോ മറ്റേതെങ്കിലും രാജ്യത്തോ അനധികൃതമായി താമസിച്ചുവരുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതിനാല്‍ത്തന്നെ അനധികൃത കുടിയേറ്റത്തെ ഒരിക്കലും ഇന്ത്യ അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും നേരത്തെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല