
സ്വന്തം ലേഖകൻ: യു.എസിന്റെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ നിരവധി എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍നിന്ന് (ഡബ്ല്യു.എച്ച്.ഒ.) പിന്മാറുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവുകളാണ് ഒപ്പുവെച്ചത്. ഫെഡറല്‍ തൊഴിലാളികള്‍ വര്‍ക്ക് ഫ്രം ഹോം ജോലി അവസാനിപ്പിച്ച് ഓഫീസുകളിൽ എത്തണമെന്നതു മുതല്‍ ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് വരെയുള്ള വിഷയങ്ങള്‍ എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഉള്‍പ്പെടുന്നു.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയെക്കാള്‍ കൂടുതല്‍ പണം യു.എസ്. അന്യായമായി നല്‍കുന്നുവെന്ന് വാദിച്ചാണ് പിന്മാറുന്നതായുള്ള ഒപ്പുവെച്ചത്. ഫെഡറല്‍ ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളില്‍ തിരിച്ചെത്തണമെന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. കോവിഡ് വ്യാപിച്ചതു മുതല്‍ ഫെഡറല്‍ ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുകയായിരുന്നു.
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് യു.എസിനെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവും ഒപ്പുവെച്ചവയിലുള്പ്പെടുന്നു. കുടിയേറ്റത്തിനും അഭയാര്‍ഥിത്വത്തിനും പുതിയ നിയന്ത്രണങ്ങള്‍, മെക്സിക്കോ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കല്‍, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കല്‍ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
കാപ്പിറ്റോള്‍ ആക്രമണത്തില്‍ കുറ്റാരോപിതരായ 1500 പേര്‍ക്ക് ഭരണത്തിലേറിയതിന് പിന്നാലെ തന്നെ മാപ്പുനല്കി. എല്‍.ജി.ബി.ടി.ക്യു. തുല്യതയ്ക്കുവേണ്ടി വരുത്തിയിരുന്ന നിരവധി പരിഷ്കാരങ്ങളും റദ്ദാക്കി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധവും പിന്‍വലിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡന് ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല