1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2024

സ്വന്തം ലേഖകൻ: ഖത്തറിലെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ ശൂറ കൗൺസിൽ തീരുമാനം. തിങ്കളാഴ്ച തമീം ബിൻ ഹമദ് ഹാളിൽ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ നടന്ന പതിവ് പ്രതിവാര യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ടത്.

ആഭ്യന്തര, വിദേശകാര്യ സമിതി ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്ത് നിന്ന് പുറത്തേക്ക് പോവുകയോ അവധി എടുക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഗാർഹിക തൊഴിലാളികൾ മെട്രാഷ് മൊബൈൽ ആപ്ലിക്കേഷൻ വഴി ചുരുങ്ങിയത് 5 പ്രവര്‍ത്തി ദിവസങ്ങൾക്ക് മുമ്പ് തൊഴിലുടമയ്ക്ക് അപേക്ഷ സമർപ്പിക്കണം. അഭ്യർത്ഥന അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ നൽകാൻ അർഹതയുണ്ടായിരിക്കും.

തൊഴിലുടമയുമായി തൊഴിൽ കരാർ നിലവിലുള്ള സമയത്ത് ഗാർഹിക തൊഴിലാളികൾ രക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനം വേണം. മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് സ്പോൺസർഷിപ്പ് മാറ്റുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.

ഗാർഹിക തൊഴിലാളികൾ രക്ഷപ്പെടുന്ന കേസുകളിൽ ഉത്തരവാദിത്വം റൂട്ടിംഗ് കമ്പനികൾക്കായിരിക്കുമെന്നും എന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഈ രീതിയിൽ അവരുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് ഗാർഹിക തൊഴിലാളി കരാറുകളിൽ ഭേദഗതി വരുത്തേണ്ടതിൻ്റെ ആവശ്യകത റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഒളിച്ചോടിയ തൊഴിലാളികൾ പിടിക്കപ്പെടുകയോ സ്വയം കീഴടങ്ങുകയോ ചെയ്യുമ്പോൾ, അവരുടെ റിട്ടേൺ ടിക്കറ്റിൻ്റെ ചിലവ് അവർ തന്നെ വഹിക്കണമെന്ന് നിർദ്ദേശത്തിലുണ്ട്. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അവരെ നിയമവിരുദ്ധമായി പാർപ്പിക്കുകയും ജോലിയിൽ നിയമിക്കുകയും ചെയ്താൽ തൊഴിലാളികളുടെ യാത്രാ ചെലവുകൾ ബന്ധപ്പെട്ട വ്യക്തിയോ കമ്പനിയോ വഹിക്കണം.

കൂടാതെ, ഒളിച്ചോടിയ വീട്ടുജോലിക്കാർക്കും അവർക്ക് അഭയവും തൊഴിലവസരങ്ങളും നൽകുന്നവർക്കും എതിരെയുള്ള പിഴകൾ വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൻ മേലുള്ള അന്തിമ തീരുമാനം ശൂറാ കൗൺസിൽ കൈക്കൊള്ളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.