സ്വന്തം ലേഖകന്‍: വിമാന യാത്രക്കിടെ മാന്യമായി പെരുമാറാത്ത യാത്രക്കാരെ വിലങ്ങിടാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം. യാത്രക്കിടെ മാന്യമായി പെരുമാറിയില്ലെങ്കില്‍ വിവരമറിയുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കുന്നു.
അച്ചടക്കമില്ലാതെ യാത്രക്കാരെ വിമാനം നിലത്തിറങ്ങും വരെ സീറ്റില്‍ ബന്ധിച്ചിടുന്നതിന് പ്ലാസ്റ്റിക് വിലങ്ങുകള്‍ സൂക്ഷിക്കാന്‍ ഡി.ജി.സി.എ വിമാനകമ്പനികള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
യാത്രക്കാരുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണം. സമാശ്വാസ നടപടികള്‍ വിജയിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് ഈ നടപടി.
അതേസമയം, ഇത്തരം സുരക്ഷ നടപടികള്‍ ഇതിനകം നടപ്പിലാക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. അടുത്ത കാലത്ത് വിമാനത്തില്‍ യാത്രക്കാര്‍ മദ്യലഹരിയിലും മറ്റും ബഹളം വയ്ക്കുന്നതും ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുന്നതും പതിവാണ്. വിമാന കമ്പനികള്‍ പ്രശ്‌നക്കാരായ യാത്രക്കാരെ പുറത്താക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല