സ്വന്തം ലേഖകൻ: കോക്പിറ്റില്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് വിമാനത്തിന്റെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെ അപകടത്തില്‍പ്പെടുത്തുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) താക്കീത്. വിമാനത്തിന്റെ കോക്പിറ്റില്‍ സുഹൃത്തുക്കള്‍ക്ക് യാത്രചെയ്യാനുള്ള അവസരമൊരുക്കിയ തുടര്‍ച്ചയായ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ കൃത്യമായി പിന്തുടരാന്‍ തങ്ങളുടെ പൈലറ്റുമാരേയും കാബിന്‍ ക്രൂ അംഗങ്ങളേയും ബോധവത്കരിക്കണമെന്നും വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഡിജിസിഎ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
കോക്പിറ്റിനുള്ളില്‍ ഏതൊരു വ്യക്തിയുടേയും അനധികൃതമായുള്ള സാന്നിധ്യം കോക്പിറ്റിനുള്ളിലെ ജീവനക്കാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടാക്കുന്നതിന് ഇടയാക്കുകയും അതിലൂടെ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ഡിജിസിഎ പുറത്തിറക്കിയ നിര്‍ദേശകക്കുറിപ്പില്‍ പറഞ്ഞു.
ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിന് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പൈലറ്റിനെ വിമാനം പറത്തുന്നതില്‍നിന്ന് ഏപ്രില്‍ മാസത്തില്‍ വിലക്കിയിരുന്നു. ഫെബ്രുവരിയിലായിരുന്നു വിവാദ സംഭവം ഉണ്ടായത്. പൈലറ്റിനെതിരെ സമയബന്ധിതവും ഉചിതവുമായ നടപടി സ്വീകരിക്കാത്തതില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ ഡിജിസിഎ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇതേ പ്രവൃത്തി ആവര്‍ത്തിച്ച മറ്റ് രണ്ട് പൈലറ്റുമാര്‍ക്കും എയര്‍ ഇന്ത്യ ജൂണ്‍ മാസത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി-ലേ വിമാനസര്‍വീസിനിടെ ഒരു വനിതയെ കോക്പിറ്റിലേക്ക് ക്ഷണിച്ചതിനായിരുന്നു ശിക്ഷാനടപടി. ഇന്ത്യയിലെ ഏറ്റവും ദുര്‍ഘടമായ വിമാനറൂട്ടുകളിലൊന്നാണ് ലേ.
2019 ലെ ദ എയര്‍ക്രാഫ്റ്റ് ഇന്‍ഫര്‍മേഷന്‍ സര്‍ക്കുലര്‍ പ്രകാരം ക്രൂ അംഗങ്ങള്‍, സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥന്‍, കാലാവസ്ഥാവകുപ്പിലെ ഉദ്യോഗസ്ഥന്‍, വ്യോമഗതാഗതമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയോ അതിന് മുകളിലുള്ളതോ ആയ ഉദ്യോഗസ്ഥന്‍, പ്രസ്തുത വിമാനക്കമ്പനി ജീവനക്കാരന്‍, പ്രസ്തുത വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍, അല്ലെങ്കില്‍ പ്രസ്തുത വിമാന നിര്‍മാണക്കമ്പനിയുടെ അംഗീകൃത പ്രതിനിധി എന്നിവര്‍ക്ക് മാത്രമാണ് കോക്പിറ്റില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല