സ്വന്തം ലേഖകൻ: 2024-ല്‍ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും അപകടകരമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങളും. ഫോര്‍ബ്‌സ് അഡൈ്വസറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ 60 നഗരങ്ങളിലെ ഏഴ് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. സുരക്ഷിതയാത്ര, കുറ്റകൃത്യങ്ങള്‍, വ്യക്തിസുരക്ഷ, ആരോഗ്യ സുരക്ഷ, പ്രകൃതിദുരന്തത്തില്‍ നിന്നുള്ള സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ എന്നിവയാണ് ഫോര്‍ബ്‌സ് അഡൈ്വസര്‍ പരിശോധിച്ചത്.
വെനസ്വേലയിലെ കാരക്കാസ് നഗരമാണ് 100 മാര്‍ക്കോടെ പട്ടികയില്‍ ഒന്നാമത് ഇടംപിടിച്ചത്. ഉയര്‍ന്ന കുറ്റകൃത്യ നിരക്കും രാഷ്ട്രീയ അസ്ഥിരതയുമാണ് ഇതിന് പ്രധാനകാരണങ്ങളായി വിലയിരുത്തുന്നത്. രണ്ടാമതായി 93.12 മാര്‍ക്കോടെ പാകിസ്താനി നഗരമായ കറാച്ചിയാണുള്ളത്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ഉയര്‍ന്ന കുറ്റകൃത്യനിരക്കുമാണ് കറാച്ചിയെ സഞ്ചാരികളുടെ പേടിസ്വപ്‌നമാക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക 89.5 മാര്‍ക്കോടെ ആറാമതുണ്ട്.
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹി, സാമ്പത്തിക തലസ്ഥാനമായ മുംബൈ എന്നിവ യഥാക്രമം 12, 14 സ്ഥാനങ്ങളിലുണ്ട്. ഡല്‍ഹിയ്ക്ക് 77.68 മാര്‍ക്കും മുംബൈക്ക് 77.36 മാര്‍ക്കുമാണുള്ളത്. മ്യാന്‍മറിലെ യംഗോണ്‍ (93.12), നൈജീരിയയിലെ ലാഗോസ് (91.54), ഫിലിപ്പീന്‍സിലെ മനില (91.49) എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല