സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ 20 ബന്ദികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അല്ലെന്നും ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു.
സംഭവത്തിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ ബന്ദികളെയും രണ്ടു പോലീസുകാരെയും ബന്ദികളാക്കുകയും കൊല്ലുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ 11 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെ സൈനികര്‍ ബന്ദികളെ ഒഴിപ്പിച്ച സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബംഗ്‌ളാദേശ് സര്‍ക്കാര്‍.
വെടിവെച്ചു കൊന്ന ആറു തീവ്രവാദികളുടെ ദൃശ്യം ബംഗ്ലാദേശ് പുറത്തു വിട്ടിരുന്നു. ഏഴാമനെ ജീവനോടെ പിടികൂടിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. എല്ലാ തീവ്രവാദികളും വിദ്യാസമ്പന്നരും ധനിക കുടുംബത്തില്‍ നിന്നും വന്നവരുമാണെന്ന് ഖാന്‍ പറഞ്ഞു. അതേസമയം ആരും മദ്രസയില്‍ നിന്നും വന്നവരല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവര്‍ എന്തിനാണ് ഇസ്ലാമിക തീവ്രവാദികളാകുന്നത് എന്ന ചോദ്യത്തിന് അതല്ലേ ഇപ്പോഴത്തെ ഫാഷന്‍ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംഭവത്തില്‍ ബംഗ്ലാദേശില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള റെസ്‌റ്റോറന്റില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിലൂടെ കുരിശുയുദ്ധക്കാരുടെ നാട്ടിലെ 18 പേരെയാണ് കൊന്നൊടുക്കിയതെന്നായിരുന്നു ഉത്തരവാദിത്തം ഏറ്റടുത്ത ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല