സ്വന്തം ലേഖകന്‍: നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ വീണ്ടും, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി, യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ധനുഷിനോട് കോടതി. ദമ്പതികളുടെ പരാതിയില്‍ ധനുഷിനോട് സ്‌കൂള്‍ കാലത്തെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും വാദിച്ച് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇവരുടെ അവകാശവാദം വ്യാജമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ വാദം കേള്‍ക്കുമ്പോഴാണ് കോടതി യഥാര്‍ഥ സ്‌കൂള്‍ രേഖകള്‍ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.
കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം നില്‍ക്കുന്ന കുട്ടിയുടെ ഫോട്ടോ കാണിച്ച് അത് ധനുഷാണെന്ന് വാദിച്ച ദമ്പതികള്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും വ്യക്തമാക്കി. ബന്ധുക്കളും, സുഹൃത്തുക്കളും ധനുഷിനെ പഠിപ്പിച്ച അധ്യാപകരുമുള്‍പ്പെടെ സത്യം തെളിയിക്കാന്‍ തങ്ങളുടെ കൂടെ നില്‍ക്കും, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ദമ്പതികള്‍ കോടതിയില്‍ പറഞ്ഞു.
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചത് അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പിന്നീട് ചെന്നൈയിലേയ്ക്ക് മാറി സിനിമയിലെത്തിയതോടെ തങ്ങളെ ഉപേക്ഷിച്ചെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ വാദമെല്ലാം ധനുഷും കുടുംബവും തള്ളി.
ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നുള്ള രേഖകളുടെ പകര്‍പ്പാണ് ധനുഷ് കോടതിയില്‍ ഹാജരാക്കിയത്. ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ പ്രകാരം കുട്ടിയുടെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യില്‍ ഒരു കലയുമുണ്ട്. ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയിലാവട്ടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ല. തുടര്‍ന്നാണ് കോടതി ധനുഷിനോട് ഫെബ്രുവരി 22 ന് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ദമ്പതികളുടെ വാദം. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നു എന്നും ദമ്പതികള്‍ ആരോപിക്കുന്നു. വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട് ട്രാന്‍സ്‌പോര്ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍. നിര്‍മ്മാതാവായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല