ലോകത്തേറ്റവും വരുമാനമുള്ള സ്‌പോര്‍ട്‌സ് താരങ്ങളുടെ കണക്കെടുപ്പില്‍, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോനി, അതിവേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിനെയും പിന്നിലാക്കി. വരുമാനക്കണക്കില്‍ ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോക്കോവിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ധോനിക്കു പിന്നിലാണ്. പരസ്യ വരുമാനം മാത്രമെടുത്താല്‍, ലോകത്തെ ഏറ്റവും മികച്ച താരമായ ലയണല്‍ മെസ്സിയും ഇന്ത്യന്‍ ക്യാപ്റ്റനു പിന്നിലേ എത്തൂ.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും വരുമാനമുണ്ടാക്കിയ 100 കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയിലാണ് ധോനിയുടെ അതിശയകരമായ കുതിപ്പ്. പട്ടികയില്‍ 31-ാം സ്ഥാനത്താണ് ധോനി. ദ്യോക്കോവിച്ച് 62-ാം സ്ഥാനത്തും ബോള്‍ട്ട് 63-ാം സ്ഥാനത്തും സച്ചിന്‍ തെണ്ടുല്‍ക്കര്‍ 78-ാം സ്ഥാനത്തുമാണ്. ഫുട്‌ബോള്‍ താരങ്ങളായ വെയ്ന്‍ റൂണി, ഫെര്‍ണാണ്ടോ ടോറസ് എന്നിവരും ധോനിക്ക് പിന്നിലാണ്. റൂണി പട്ടികയില്‍ 37-ാം സ്ഥാനത്താണ്.
2.65 കോടി ഡോളറാണ് (148.3 കോടി രൂപ) ധോനിയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 129 കോടി രൂപയും പരസ്യത്തില്‍നിന്നാണ് ലഭിച്ചിട്ടുള്ളത്. 100 സമ്പന്ന കായികതാരങ്ങളുടെ പട്ടികയില്‍ ധോനി കഴിഞ്ഞാല്‍ സച്ചിന്‍ മാത്രമാണ് ക്രിക്കറ്റില്‍നിന്നുള്ളത്. 104 കോടി രൂപയാണ് സച്ചിന്റെ വാര്‍ഷിക വരുമാനം. ഇതില്‍ പരസ്യത്തില്‍നിന്ന് മാത്രമാണ് 92 കോടി രൂപയും വന്നത്.
ആഗോള സമ്പന്ന പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് മെസ്സിയെങ്കിലും പരസ്യ വരുമാനത്തില്‍ ധോനിക്ക് പിന്നിലാണ്. 218 കോടി രൂപയാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മെസ്സിയുടെ അക്കൗണ്ടിലെത്തിയത്. ഇതില്‍ പരസ്യങ്ങളില്‍നിന്ന് 106 കോടി രൂപയാണ് വരുമാനം. ദ്യോക്കോവിച്ചിന്റേത് 115.2 കോടിയും ബോള്‍ട്ടിന്റേത് 113.5 കോടി രൂപയുമാണ്. ബോക്‌സിങ് ചാമ്പ്യന്‍ ഫ്ലോയ്ഡ് മേവെതറാണ് ഒന്നാം സ്ഥാനത്ത്. നയാപ്പൈസ പരസ്യവരുമാനമില്ലാത്ത മേവെതര്‍, മത്സരങ്ങളില്‍നിന്ന് മാത്രമായി 475 കോടി രൂപയാണ് സമ്പാദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല