സ്വന്തം ലേഖകന്‍: വിക്കറ്റിനു പിന്നില്‍ എംഎസ് ധോനിക്ക് ഇരകള്‍ നൂറ്, ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോഡാണ് ധോനി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഖില ധനഞ്ജയയാണ് ധോനിയുടെ 100 മത്തെ ഇര.
301 ഏകദിനങ്ങളില്‍ നിന്നാണ് ധോനി 100 പേരെ പുറത്താക്കിയത്. ലങ്കന്‍താരം കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിംഗ് റെക്കോഡാണ് ധോനി മറികടന്നത്. സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ പുറത്താക്കിയത്. കാന്‍ഡിയില്‍ നടന്ന ഏകദിനത്തില്‍ ലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ധോനി, സംഗക്കാരയുടെ 99 സ്റ്റമ്പിങ്ങിനൊപ്പമെത്തിയിരുന്നു.
ഹര്‍ഭജന്‍ സിങ്ങിന്റെ പന്തിലാണ് ധോനി ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. 19 എണ്ണവും ഭാജിയുടെ പന്തില്‍ നിന്നായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ 15 പേരെയും രവിചന്ദ്ര അശ്വിന്റെ പന്തില്‍ 14 പേരെയും ധോനി പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നവരില്‍ 40 സ്റ്റമ്പിങുമായി ധോനിയുടെ തൊട്ടുപിറകിലുള്ളത് ബംഗ്ലാദേശിന്റെ മുഷ്ഫിഖുര്‍ റഹിമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല