സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ചൈനീസ് ഭാഷയിലേക്കും. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊലപാതകത്തിനു ശേഷം മൊബൈൽ ലോറിയിലേക്ക് എറിഞ്ഞ് ജോർജ്കുട്ടി പൊലീസിനെ വഴി തെറ്റിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അതേപടി ചൈനീസ് വേർഷനിലുമുണ്ട്.
മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. സിനിമയിലെ വില്ലനായ വരുൺ ഉപയോഗിച്ച കാറിന്റെ അതേ നിറത്തിലുള്ള വാഹനം വരെയാണ് റീമേക്കിലും. നേരത്തെ സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ശ്രീലങ്കൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എല്ലാ ഭാഷകളിലും ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ചൈനീസ് ചിത്രത്തിലെ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം സിനിമയിൽ മോഹൻലാലിനെ കൂടാതെ മീന, കലാഭവൻ ഷാജോൺ, ആശ ശരത്, നീരജ് മാധവ് തുടങ്ങിയ വൻതാര നിര തന്നെയുണ്ടായിരുന്നു. നേരത്തെ ഒരു ചൈനീസ് കമ്പനിക്ക് സിനിമയുടെ അവകാശം കൈമാറിയതിന്റെ വീഡിയോ ജീത്തു ജോസഫ് പുറത്ത് വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല