1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2024

സ്വന്തം ലേഖകൻ: പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപോഗിക്കുന്ന ഗുളികകളുടെ വ്യാജന്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഈ വ്യാജഗുളികകള്‍ മനുഷ്യന്‌റെ ആരോഗ്യത്തെ നശിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നോവോ നോര്‍ഡിസ്‌ക്‌സിന്‌റെ ഒസെംപിക് ഗുളികയ്‌ക്കെതിരെയാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ ബ്രസീലിലും യുകെയിലും ഡിസംബറില്‍ അമേരിക്കയിലും സെമാഗ്ലൂട്ടൈഡിന്‌റ മൂന്ന് വ്യാജ ബാച്ചുകള്‍ കണ്ടെത്തിയിരുന്നു. ഈ മരുന്നുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യമാണ് വ്യാജ ഉല്‍പ്പന്ന നിര്‍മിതിയിലേക്ക് നയിക്കുന്നത്.

‘ ഈ മരുന്നുകളുടെ ആവശ്യകതയും വ്യാജനിര്‍മിതിയും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. രോഗികള്‍ ഈ ഗുളിക ഉപയോഗിക്കുമ്പോള്‍ ആവശ്യത്തിനുവേണ്ട ഘടകങ്ങള്‍ ഇല്ലെങ്കില്‍ ബ്ലഡ് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാന്‍ കഴിയാതെവരും. അതോടൊപ്പം ശരീരഭാരവും. നിര്‍ദേശിക്കപ്പെടാത്ത ചില ഘടകങ്ങള്‍ ഇന്‍സുലിന്‍ പോലുള്ള ഇന്‍ജക്ഷനുകളില്‍ കാണപ്പെടുന്നു. ഇത് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന്’യുഎന്‍ ഏജന്‍സി പറയുന്നു.

പ്രമേഹത്തിന്‌റെയും ഒബീസിറ്റിയുടെയും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരുകൂട്ടം മരുന്നുകളാണ് സെമാഗ്ലൂട്ടൈഡ്. ജിഎല്‍പി-1 (ഗ്ലൂക്കാഗോണ്‍ പോലുള്ള കീടനാശിനി-1) പോലുള്ള റിസപ്റ്റര്‍ അഗോണിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരുകൂട്ടം മരുന്നുകളില്‍ പെടുന്നവയാണ് ഇവ. രക്തത്തിലെ ഷുഗറിന്‌റെ അളവും വിശപ്പും നിയന്ത്രിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്വാഭാവിക ഹോര്‍മോണായ ജിഎല്‍പി-1 ന്‌റെ പ്രവര്‍ത്തനത്തെ ഇവ അനുകരിക്കുന്നു.

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവിനോടുള്ള പ്രതികരണമായി പാന്‍ക്രിയാസില്‍നിന്നുള്ള ഇന്‍സുലിന്‍ സ്രവണം ഉത്തേജിപ്പിക്കുന്നതിലൂടെ സെമാഗ്ലൂട്ടൈഡുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനാകും. ഇത് ഗ്യാസ് അടിയുന്നത് മന്ദഗതിയാലാക്കുകയും ഭക്ഷണത്തിനുശേഷമുള്ള രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും വയര്‍ നിറഞ്ഞതായ പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും. ഈ ഇരട്ട പ്രവര്‍ത്തനം പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും അമിതവണ്ണമുള്ള വ്യക്തികളില്‍ ശരീഭാരം കുറയ്ക്കുന്നതിനും സെമാഗ്ലൂട്ടൈഡുകളെ ഫലപ്രദമാക്കുന്നു.

സെമാഗ്ലൂട്ടൈഡിന്‌റെ വ്യാപകമായ മരുന്നുകളിലൊന്ന് പ്രമേഹചികിത്സയ്ക്കായി ഒസെംപിക്, റൈബെല്‍സസ് എന്നീ ബ്രാന്‍ഡ് പേരുകളിലും ഭാരം കുറയ്ക്കുന്നതിനുള്ള വിഗോവി എന്ന പേരിലും വിപണനം ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഗ്ലൈസെമിക് നിയന്ത്രണം ഗണ്യമായി മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സെമാഗ്ലൂട്ടൈഡുകള്‍ക്ക് കഴിയുമെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.