യുകെ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ജനുവരി എട്ടിന് ഏവണ്‍ സോമര്‍സെറ്റ് പോലീസ് വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ടോം ആദിത്യ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ മുഖ്യ പ്രഭാഷകനായി അടുത്തിടെ പുലിമുരുകനില്‍ മൂപ്പനായി അഭിനയിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ചലച്ചിത്ര താരം എം.ആര്‍. ഗോപകുമാര്‍ പങ്കെടുക്കും. അറുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ ഗോപകുമാര്‍ ചടങ്ങില്‍ പങ്കെടുക്കാനായി ഈ മാസം അവസാനം യുകെയില്‍ എത്തുന്നതാണ്. തുടര്‍ന്ന് അദ്ദേഹം ജനുവരിയില്‍ നാട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്യും. ഇവിടേക്ക് ഇദ്ദേഹത്തിന് വിസ അനുവദിച്ചത് ഈ തിങ്കളാഴ്ചയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സിനിമാ പിന്നണിഗായകരുടെ നേതൃത്വത്തിലുള്ള ഗാനമേളയും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ യുകെ മലയാളി സമൂഹത്തിലെ പ്രമുഖരെല്ലാം ഭാഗഭാക്കാകുകയും ചെയ്യുന്നതാണ്.
യുകെ മലയാളികള്‍ക്ക് അനേകം കൂട്ടായ്മകളുണ്ട്. സാമൂഹികവും മതപരവും പ്രാദേശികപരവുമായ ഒത്തുചേരലുകളാണിവ. യുകെ മലയാളികളുടെ സാമൂഹികവും കുടുംബപരവുമായ ക്ഷേമവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും പ്രവാസ ലോകത്ത് പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. ഇത്തരം ക്ലബുകളില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ബ്രിസ്റ്റോളിലെ ഒരു പറ്റം മലയാളികള്‍ രൂപം കൊടുന്ന പുതിയ കൂട്ടായ്മയാണ് ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. ചരിത്ര പ്രസിദ്ധമായ നഗരമായ ബ്രിസ്റ്റോളില്‍ പിറവിയെടുക്കുന്ന ഈ ക്ലബിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഇതിന് പുറമെ മലയാളികള്‍ക്കിടയില്‍ സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിച്ച് ഗൃഹാതുരത്വമേകുന്ന കൂട്ടായ്മയുമാണിത്. കൃത്യമായ ചട്ടക്കൂട്ടില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്ലബെന്ന പ്രത്യേകതയും ഇതിന് സ്വന്തം.
കര്‍ക്കശമായ നിയമാവലിയെ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. ഫസ്റ്റം കം ഫസ്റ്റ് സെര്‍വ് എന്ന രീതിയിലായിരിക്കും ക്ലബ് പ്രവര്‍ത്തിക്കുന്നത്. അതായത് ഇതില്‍ ആദ്യം അംഗങ്ങളാകുന്നവരായിരിക്കും ആദ്യഘട്ടത്തിലെ ഭാരവാഹികള്‍. തുടര്‍ന്ന് പിന്നീടുള്ള ടേമുകളില്‍ ഓരോ അംഗത്തിനും ഭാരവാഹികളാകുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബില്‍ ഓരോ അംഗത്തിനും ക്ലബില്‍ ചേര്‍ന്ന ഊഴമനുസരിച്ച് ഭാരവാഹി സ്ഥാനം കിട്ടുമെന്ന് സാരം.
ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് കുടുംബം, ബിസിനസ്,യാത്ര എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് സംഘടിപ്പിക്കുന്നതാണ്. അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബിന്റെ ആഭിമുഖ്യത്തിലുണ്ടാകും. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്. വരുന്നവര്‍ക്കൊക്കെ പ്രവേശനം നല്‍കുന്ന യുകെയിലെ ശരാശരി മലയാളി ക്ലബല്ല ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. വളരെ പരിമിതമായ അംഗങ്ങള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. നിശ്ചിത തുക മെമ്പര്‍ഷിപ്പ് ഫീസ് വാങ്ങിയാണ് അംഗങ്ങളെ ചേര്‍ക്കുന്നത്. കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പണമടക്കേണ്ടി വരും.
എല്ലാ മാസവും ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ട് മാസംകൂടുമ്പോള്‍ ഫാമിലി മീറ്റുമുണ്ടായിരിക്കും. അതിന്റെ ചെലവിലേക്ക് അംഗങ്ങള്‍ മോശമല്ലാത്ത തുക സംഭാവനയായി നല്‍കേണ്ടിയും വരുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.ജനുവരി ആദ്യ ക്ലബിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അംഗങ്ങളുടെ കുടുംബങ്ങളിലെ എല്ലാ വിധ ചടങ്ങുകള്‍ക്കും ക്ലബിലെ മറ്റ് അംഗങ്ങളും കുടുംബങ്ങളും കുടുംബാംഗങ്ങളെ പോലെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ പ്രവാസ ലോകത്ത് തികച്ചും ഗൃഹാതുരത്വമാര്‍ന്ന അനുഭവമായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് ഏകുന്നത്. ക്ലബിന്റെ മൂല്യം വര്‍ധിക്കുന്നതിനനുസരിച്ച് കാലക്രമേണ ഫീസ് വര്‍ധിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. പുതിയ അംഗങ്ങളെ നിങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യണമെങ്കില്‍ എല്ലാ അംഗങ്ങളുടെയും അനുവാദം മുന്‍കൂട്ടി വാങ്ങണമെന്നത് നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല