സ്വന്തം ലേഖകന്‍: മുന്‍ ഭാര്യയും മക്കളും തന്നെ പറ്റിച്ച് പണം തട്ടി, ആരോപണവുമായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ രംഗത്ത്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മുന്‍ ഭാര്യയായ ക്ലോഡിയ വില്ലാഫൈന്‍, മക്കളായ ഡാല്‍മ, ജിയാന്നിയ എന്നിവര്‍ക്കെതിരായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2000, 2015 കാലഘട്ടത്തില്‍ 29 കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് മറഡോണയുടെ ആരോപണം.
തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണം ഭാര്യയും മക്കളും ഉറുഗ്വെയിലുള്ള ബാങ്ക് അങ്കൗണ്ടില്‍ നിക്ഷേപിച്ചതായും ഈ പണം ഉപയോഗിച്ച് അമേരിക്കയില്‍ വസ്തു വാങ്ങിയതായും മറഡോണ ആരോപിക്കുന്നു. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കേസ് നടന്നുകൊണ്ടിരിക്കവെ ജിയാന്നിയ അര്‍ജന്റീനയില്‍ നിന്നും ഉറുഗ്വെയിലേക്ക് പോയതിനെ മറഡോണയുടെ വക്കീലും വിമര്‍ശിച്ചു.
രണ്ട് മൂന്നു മണിക്കൂര്‍ നേരത്തേക്ക് വിനോദ സഞ്ചാരത്തിനാണോ ജിയാന്നിയ ഉറുഗ്വെയിലേക്ക് പോയതെന്ന് മറഡോണയുടെ വക്കീല്‍ ചോദിച്ചു. ക്ലോഡിയയ്ക്ക് ഉറുഗ്വെയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. മക്കളില്‍ ഒരാള്‍ ഇവിടെ നിന്നും ആ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ എവിടെയാണ് താമസിക്കുന്നതെന്ന് അവര്‍ക്ക് അറിയാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് പരിശോധിക്കാം എന്നായിരുന്നു ജിയാന്നിയയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല