
സ്വന്തം ലേഖകൻ: പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍. നിരോധനം 2030 ഓടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2017 ല്‍ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040 ലേക്ക് മാറ്റിയിരുന്നു. പിന്നീടിത് 2035 ലേക്കു മാറ്റി. ഇപ്പോഴിതാ 2030 ലേക്ക് ഇതു നടപ്പാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ആലോചന. നിരോധനത്തെ കുറിച്ച് വിവരങ്ങള്‍ തേടാന്‍ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കാര്‍ബണിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് നീക്കം. വിലകൂടുതലും ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും മൂലം പലരും വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നില്ല. സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. 2030 ലെ പെട്രോള്‍, ഡീസല്‍ കാര്‍ നിരോധനത്തില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഉയര്‍ന്ന വിലയില്‍ പലരും നിരാശയിലാണ്. ഇവികളുടെ മെയിന്റനന്‍സും ഇന്‍ഷുറന്‍സ് ചെലവും പലരേയും അകറ്റി നിര്‍ത്തുകയാണ്. 2025 മുതല്‍ ഇവിയ്ക്ക് ടാക്‌സ് അടക്കേണ്ടിവരും. ഇതിനിടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ മടിക്കുകയാണ് സാധാരണക്കാര്‍.
വ്യവസായ രംഗത്തെ അനിശ്ചിതത്വം മൂലം ബ്രിട്ടനിലെ ഇലക്ട്രിക് കാര്‍ വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബിഎംഡബ്ല്യു യുകെയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ 600 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതി തല്‍ക്കാലം നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ ബിഎംഡബ്ല്യുവിന്റെ മിനി ബ്രാന്‍ഡ് പൂര്‍ണ്ണമായും ഇലക്ട്രിക് ആകുമെന്നും 2026 ല്‍ ഓക്സ്ഫോര്‍ഡില്‍ ഉത്പാദനം ആരംഭിക്കുമെന്നുമായിരുന്നു രണ്ടു വര്‍ഷം മുന്നേ പ്രഖ്യാപിച്ചത്. എന്നാല്‍ ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ഒന്നിലധികം പ്രശ്നങ്ങള്‍ കാരണം, പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് പറഞ്ഞിരിക്കുന്നത്.
നിലവില്‍ ചൈനയിലെ പ്ലാന്റുകളില്‍ ബ്രിട്ടീഷ് ഐക്കണിന്റെ അടുത്ത തലമുറയെ നിര്‍മ്മിക്കുന്ന പദ്ധതിയാണ് മുന്നോട്ടുപോകുന്നത്. ഓക്സ്ഫോര്‍ഡിലെ പ്ലാന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ഉല്‍പ്പാദനത്തിനുള്ള സമയപരിധി പുനഃപരിശോധിക്കുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പദ്ധതിക്കായി മന്ത്രിമാരില്‍ നിന്ന് ലഭിച്ച 60 മില്യണ്‍ പൗണ്ട് ഗ്രാന്റ് സ്വീകരിക്കുകയും ചെയ്യില്ല.
ബ്രിട്ടനിലെ ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ഒന്നിലധികം അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, ഓക്സ്ഫോര്‍ഡില്‍ ബാറ്ററി-ഇലക്ട്രിക് മിനി ഉത്പാദനം പുനരാരംഭിക്കുന്നതിനുള്ള സമയം ബിഎംഡബ്ല്യു ഗ്രൂപ്പ് പുനഃപരിശോധിക്കുകയാണ്’ എന്നാണ് ബിഎംഡബ്ല്യു വക്താവ് പറഞ്ഞത്. ഈ ചര്‍ച്ചയുടെ ഭാഗമായി, മുമ്പ് പ്രഖ്യാപിച്ച ഗ്രാന്റ് സ്വീകരിക്കേണ്ടതില്ലായെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ഭാവി പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൗളിയിലെ പ്ലാന്റിലെ ഇലക്ട്രിക് വാഹന സംരംഭം ഓക്സ്ഫോര്‍ഡിലും സ്വിന്‍ഡണിലെ ഒരു ബോഡി-പ്രസ്സിംഗ് സൗകര്യത്തിലും ജോലി ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ആദ്യം വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ പെട്രോള്‍ മിനികള്‍ നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ് ബിഎംഡബ്ല്യു ഫാക്ടറിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുനരാരംഭിക്കുന്നത് വൈകിപ്പിക്കാനുള്ള ബിഎംഡബ്ല്യുവിന്റെ തീരുമാനം രാജ്യത്ത് പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങളിലും ചെലവുകളിലും നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് കാര്‍ വിപണിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പ്രോത്സാഹനവും ഇളവുകളും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. മാത്രമല്ല ടാക്സ് കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം വാങ്ങലുകാര്‍ പിന്‍വലിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല