സ്വന്തം ലേഖകന്‍: ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി മൊബൈല്‍ ആപ്പില്‍, ഡിജി ലോക്കര്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വന്തം ലൈസന്‍സും മറ്റുവിവരങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ മുഖേന നിമിഷ നേരം കൊണ്ട് ഡിജിറ്റല്‍ കോപ്പിയായി ഡൗണ്‍ലോഡ് ചെയ്യാം. പോലീസ് വാഹന പരിശോധനാ സമയത്ത് ഇത് കാണിച്ചാല്‍ മതിയാകും.
പോലീസ് പരിശോധനയില്‍ വ്യാജ ബുക്കും പേപ്പറുമാണ് കാണിക്കുന്നതെങ്കില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് കൈയ്യോടെ പിടികൂടാനും കഴിയും. കേന്ദ്ര ഐ.ടി മന്ത്രാലയം ആവിഷ്‌കരിച്ച ഡിജിലോക്കര്‍ മൊബൈല്‍ ആപ് വഴിയാണ് രേഖകള്‍ ലഭിക്കുക.
ലൈസന്‍സും ആര്‍.സി ബുക്കുമെല്ലാം കടലാസിലാക്കി നല്‍കുന്നത് നിര്‍ത്തി എല്ലാം ഇസര്‍ട്ടിഫിക്കറ്റുകളാക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. ഈ നൂതന രീതി വഴി ആധികാരികത ഉറപ്പുവരുത്താന്‍ സഹായകമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിതിന്‍ ഗഡ്കരി എന്നിവര്‍ പറഞ്ഞു.
റോഡ് ഗതാഗത മന്ത്രാലയം മുഴുവന്‍ വാഹന ആര്‍.സികളും ലൈസന്‍സും ഡിജിറ്റലൈസ് ചെയ്തുവരുകയാണ്. 19 കോടി വാഹന രജിസ്‌ട്രേഷന്‍ രേഖകളും ഒമ്പതു കോടി ലൈസന്‍സുകളും നിലവില്‍ ഡിജിലോക്കറില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല