സ്വന്തം ലേഖകൻ: കോടതി നടപടികൾ വേഗത്തിലാക്കാൻ ദുബായിൽ ഡിജിറ്റൽ കോർട്ട്. നേരത്തെ മാസങ്ങൾ എടുത്തിരുന്ന കോടതി നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. ക്രിമിനൽ കേസുകൾ, വാടക തർക്കങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ കോടതി വിധികൾക്കും നിയമനടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനത്തിനു സാധിക്കും.
ദുബായിലെ വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളെ ഡിജിറ്റൽ കോർട്ടുമായി ബന്ധിപ്പിച്ചാണ് നടപടി വേഗത്തിലാക്കുന്നത്. കോടതി വിധി അനുസരിച്ച് ആസ്തികൾ തിരിച്ചറിയാനും പിടിച്ചെടുക്കാനുമെല്ലാം നിമിഷങ്ങൾ മതി. ഇതിനായി വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയും ഇതോടെ ഒഴിവായതായി ദുബായ് എക്‌സിക്യൂഷൻ കോടതി മേധാവി ജഡ്ജി ഖാലിദ് അൽ മൻസൂരി പറഞ്ഞു.
അതേസമയം യുഎഇയ്ക്ക് ചുട്ടുപൊള്ളുകയാണ്. താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തതോടെ രാപകൽ ചൂടോട് ചൂട്. അൽഐനിലെ അൽറൗദയിൽ 49.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയാണ് മേയ് 31 വിടപറഞ്ഞത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ രേഖപ്പെടുത്തിയത് 45–48 ഡിഗ്രി സെൽഷ്യസും.
അന്തരീക്ഷ ഈർപ്പം 100% ആയി ഉയരുന്നതും ഉഷ്ണം കൂട്ടും. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. അൽഐനിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ ചൂട് 48 ഡിഗ്രി സെൽഷ്യസായിരുന്നു. ഫുജൈറയിലും അൽഐനിലുമാണ് ഇന്നലെ കൂടിയ താപനില രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല